രാജ്യത്ത് ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിക്കുന്നു, സുരക്ഷിത വീടുകള്‍ ഒരുക്കണമെന്ന കോടതി നിര്‍ദ്ദേശം ഇനിയും നടപ്പാക്കാതെ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച്് 2019ല്‍ 24 ആയിരുന്നു രാജ്യത്തെ ദുരഭിമാനക്കൊലകളുടെ എണ്ണം. പിന്നീട് 25, 33 എന്നിങ്ങനെ ആയിരുന്നു 2020,2021ലെ കണക്കുകള്‍.

2021ലും 2020ലും പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളായിരുന്നു ദുരഭിമാനക്കൊലകളില്‍ ഏറ്റവും മുന്നില്‍. 2019ല്‍ ഈ സ്ഥാനം മണിപ്പൂരിനായിരുന്നു. 2017 മുതല്‍ 2019 വരെ രാജ്യത്ത് 145 ദുരഭിമാനക്കൊലകള്‍ നടന്നതായി സര്‍ക്കാര്‍ പാര്‍ലമന്റെില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരം ദാരുണ സംഭവങ്ങള്‍ തടയാന്‍ , ബന്ധുക്കളില്‍ നിന്ന് ഭീഷണികള്‍ നേരിടുന്ന ദമ്പതിമാര്‍ക്ക് താമസിക്കാന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിത ഭവനങ്ങള്‍ ഒരുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഈ ഉത്തരവ് ഇതുവരെ പാലിച്ചിട്ടുള്ളത് ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ മാത്രമാണ്. മതംമാറി വിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് കഴിയാന്‍ സുരക്ഷിത ഭവനങ്ങള്‍ ഒരുക്കുമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം പ്രസ്താവനയില്‍ മാത്രം ഒതുങ്ങി.

ബന്ധുക്കളില്‍ നിന്ന് ഭീഷണി നേരിടുന്ന ദമ്പതികള്‍ക്കായി എല്ലാ ജില്ലകളിലും സുരക്ഷിത ഭവനങ്ങള്‍ ഒരുക്കണമെന്ന് 2018ല്‍ ആണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇവര്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക സെല്ലുകള്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.

Advertisement