ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി ‘പ്രചണ്ഡ്’

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ‘പ്രചണ്ഡ്’ വ്യോമസേനയുടെ ഭാഗമായി.

രാജസ്ഥാനിലെ ജോ‌ധ്‌പുരിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്‍‌നാഥ് സിങ്ങാണ് ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്നു പേരിട്ടത്. രാജ്നാഥ് സിങ് പ്രചണ്ഡയിൽ പറക്കുകയും ചെയ്തു.

അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തുമ്പോൾ സേനയുടെ പ്രതിരോധക്കരുത്ത് കൂട്ടുന്നതാണു പ്രചണ്ഡയെന്നാണു നിഗമനം.

വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാൻ തക്ക മൾട്ടി–റോൾ പ്ലാറ്റ്ഫോം ആണ് എൽസിഎച്ചിന്റേത്.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) എന്ന ‘പ്രചണ്ഡ്’.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് എൽസിഎച്ച് നിർമിച്ചത്. ഉയർന്ന പ്രതലത്തിൽ വിന്യസിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് എൽസിഎച്ച് ഉപയോഗിക്കുക.
5.8 ടൺ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ആണിത്.

3,887 കോടി രൂപയ്ക്ക് തദ്ദേശീയമായി നിർമിച്ച 15 ഹെലികോപ്റ്ററുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി മാർച്ചിൽ തീരുമാനിച്ചിരുന്നു.

Advertisement