ദുര്യോധന ക്ഷേത്രമായ പോരുവഴി മലനടയിൽ മലക്കുട മഹോത്സവം വെള്ളിയാഴ്ച

മലനട : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വെള്ളിയാഴ്ച നടക്കും. പുലർച്ചെ 5 ന് സ്വർണ്ണക്കൊടിദർശനം, ഉച്ചയ്ക്ക് 3 ന് ഭഗവതി എഴുന്നള്ളത്ത് ,കച്ചകെട്ട് എന്നീ ചടങ്ങുകളും തുടർന്ന് പനപ്പെട്ടി,കമ്പലടി,നടുവിലേമുറി, പളളിമുറി,അമ്പലത്തുംഭാഗം, വടക്കേമുറി എന്നീ കരകളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്നും എടുപ്പ് കാളയും കൂടാതെ ചെറുതും വലുതുമായ നിരവധി കെട്ടുകാഴ്ചകളും വർണ്ണശബളമായ മലക്കുട മഹോത്സവത്തിന് ഭംഗിയേകും. രാത്രി 8 ന് തൂക്കം,8.30 ന് ചലച്ചിത്ര താരം ആശാ ശരത്ത് നയിക്കുന നൃത്തസന്ധ്യ,12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.

മലനടയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

മലനട : പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായി
ശൂരനാട് പോലീസ് വെള്ളിയാഴ്ച മലനടയിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ചക്കുവള്ളി വഴി വരുന്ന വാഹനങ്ങൾ കൈതാമടം, കുറമ്പകര ക്ഷേത്ര മൈതാനിയിലും ഏഴാംമൈൽ – ശാസ്താംനട വഴി വരുന്ന വാഹനങ്ങൾ കുറമ്പകരക്ഷേത്ര മൈതാനിയിലും, കടമ്പനാട് വഴി വരുന്ന വാഹനങ്ങൾ താഴത്ത് മുക്ക് തടിമില്ലിന് എതിർവശം,പാടശ്ശേരി ഭാഗം,കണ്ണമം, ഗിരിപുരം,ചാത്താകുളം, കുഞ്ഞാലുംമൂട്,തെങ്ങമം,കല്ലുകുഴി ദേവഗിരി വഴി വരുന്ന വാഹനങ്ങൾ ഇടക്കാട് ചന്ത,എബനേസർ സ്കൂൾ
ഗ്രൗണ്ട്,അപ്പൂപ്പൻ നട,താഴത്ത് മുക്ക് തടി മില്ലിന് എതിർവശം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.അനാവശ്യമായി ക്ഷേത്ര പരിസരത്തും, ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയുടെ കാർ,ടുവീലർ ഉൾപ്പെടെ പാർക്ക് ചെയ്തിട്ട് പോയാൽ റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് അത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതായിരിക്കും.മലനട ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്ന പ്രധാന പ്രവേശന കവാടങ്ങളായ പരവട്ടം – വയൽ റോഡ് മുതൽ മലനട അമ്പലം,ചെമ്പിട്ട കൊട്ടാരത്തിന് വടക്ക് വശം,കുറ്റിക്കൽ മുക്ക്,താഴത്ത് മുക്ക്,ഇടക്കാട് ജംഗ്,ഇടക്കാട് എടിഎം മുതൽ മലനട അമ്പലം എന്നീ ഭാഗങ്ങൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
ചക്കുവള്ളിയിൽ നിന്നും കുറ്റിക്കൽ ജംഗ്ഷൻ വരെയും അടൂർ ഭാഗത്തു നിന്നും ഇടക്കാട് ജംഗ്ഷൻ വരേയും വാഹന ഗതാഗത സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Advertisement