ഡി വൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനത്തിൽ ബഹളവും ഉന്തും തള്ളും

കരുനാഗപ്പള്ളി.ഡി വൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനത്തിൽ ബഹളവും ഉന്തും തള്ളും.
ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനത്തിൽ ചേരിതിരിഞ്ഞുള്ള കയ്യാങ്കളിയും വാക്പോരും ഉണ്ടായതിനെ തുടർന്ന് ഏറെനേരം സമ്മേളന നടപടികൾ നിർത്തിവെക്കേണ്ടതായി വന്നു.പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സൂചനയിൽ ജില്ലാ നേതൃത്വം ഒന്നടങ്കം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ മുന്നിലാണ് സമ്മേളന നടപടികൾ അലങ്കോലപ്പെട്ട സംഭവങ്ങൾ ഉണ്ടായത്. തൊടിയൂർ, ഇടക്കുളങ്ങരയിൽ ചേർന്ന ബ്ലോക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതോടു കൂടിയാണ് ചേരിതിരിഞ്ഞുള്ള കയ്യേറ്റവും വാക്പോരും നടന്നത്.

സിപിഎം കരുനാഗപ്പള്ളി ഏരിയാ സമ്മേളനത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ശക്തമായ മത്സരം നടക്കുകയും നിലവിലുള്ള ഏരിയാ കമ്മിറ്റിയെ അനുകൂലിക്കുന്ന പി.ആർ. വസന്തൻ പക്ഷം വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടന്ന ഡിവൈഎഫ്ഐ യുടെ വില്ലേജ് സമ്മേളനങ്ങൾ പിടിച്ചെടുക്കാൻ മറുപക്ഷവും ശ്രമിച്ചിരുന്നു. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നു. തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നു.ഈ പശ്ചാത്തലത്തിൽ 3 ദിവസമായി നടക്കേണ്ട ബ്ലോക്ക് സമ്മേളനം രണ്ടുദിവസമായി വെട്ടിച്ചുരുക്കി ആണ് നടത്തിയത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡൻറ് ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബ്ലോക്ക് സമ്മേളനം നടത്തിയത്. നിലവിലുള്ള ബ്ലോക്ക് സെക്രട്ടറി ആർഎസ്എസിൻ്റെ ജില്ലാ നേതാവായ പെൺകുട്ടിയെ വിവാഹം കഴിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരുവിഭാഗം സമ്മേളനത്തിൽ ശക്തമായ വിമർശനം ഉയർത്തി. നിലവിലുള്ള ഭാരവാഹികളിൽ മാറ്റം വേണമെന്ന സിപിഎം ഏരിയ നേതൃത്വത്തിൻ്റെ ആവശ്യം പക്ഷേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗീകരിച്ചില്ലെന്നാണറിയുന്നത്. നിലവിലുള്ള ബ്ലോക്ക് കമ്മിറ്റിയിൽ നിന്നും ഏതാനും പേരെ ഒഴിവാക്കി അവതരിപ്പിക്കപ്പെട്ട പാനലിന് എതിരെ ഡിവൈഎഫ്ഐ ഔദ്യോഗിക നേതൃത്വത്തിനൊപ്പം നിൽക്കുന്ന കരുനാഗപ്പള്ളി ടൗൺ, ക്ലാപ്പന വെസ്റ്റ് വില്ലേജ് കമ്മിറ്റി കളിൽ നിന്നുതന്നെ ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ക്ലാപ്പന വെസ്റ്റിൽനിന്നുള്ള അസർ, കരുനാഗപ്പള്ളി ടൗണിൽ നിന്നുള്ള ഷഫീഖ് എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു കമ്മിറ്റികളുടെയും സെക്രട്ടറിമാരായ രജിത്ത്, സുഗീത് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവന്നു. ക്ലാപ്പന വെസ്റ്റിലെ സമ്മേളനം ബഹിഷ്ക്കരിക്കുന്നതായും പ്രഖ്യാപിച്ചു. തുടർന്ന് സമ്മേളന പ്രതിനിധികളിൽ ചിലർ ചേരിതിരിഞ്ഞതോടെ സംഘർഷവും വാക്കേറ്റവും ഉണ്ടാവുകയായിരുന്നു.

സിപിഎം ഏരിയ സെക്രട്ടറി പി .കെ. ജയപ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഏറെ നേരത്തിനു ശേഷം അന്തരീക്ഷം ശാന്തമാക്കിയത്. സംഘർഷം ഉണ്ടായതോടെ സമ്മേളനം കുറെ സമയം നിർത്തിവെക്കേണ്ടിവന്നു. പ്രശ്നമുണ്ടാക്കിയ വില്ലേജ് കമ്മിറ്റി ഭാരവാഹികളുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന് ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു ഇടപെട്ട് പാനൽ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സമ്മേളനം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രായപരിധിയുടെ പേരിൽ പല വില്ലേജ് ഭാരവാഹികളെയും ഒഴിവാക്കിയെങ്കിലും ബ്ലോക്ക് കമ്മിറ്റിയിൽ ചിലർ പ്രായപരിധി ലംഘിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ സംഘടനാപരമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും നിശ്ചയിച്ചിട്ടുള്ളത് എന്ന് ഔദ്യോഗിക വിഭാഗവുംപറയുന്നു.ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ തന്നെ സമ്മേളനവുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു എന്നാരോപിച്ച് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.

പ്രസിഡൻ്റായി എം. ആർ. ദീപക്കിനേയും സെക്രട്ടറിയായി ടി.ആർ.ശ്രീനാഥിനേയും വീണ്ടും തെരെഞ്ഞെടുത്തു.ഇരുവരും സി പി എം ഏരിയ കമ്മിറ്റിയിലെ പി.ആർ. വസന്തൻ പക്ഷത്തെ എതിർക്കുന്നവരാണ്.ഇതിനിടെ സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ച രണ്ടു വില്ലേജു കമ്മിറ്റികൾക്കെതിരെ ജില്ലാ നേതൃത്വം നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.

Advertisement