കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽനിന്ന് നേരത്തെ തരംതാഴ്ത്തപ്പെട്ട പി.ആർ. വസന്തനെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സംഘടനാ നടപടി നേരിട്ട അഡ്വ. ബി. ഗോപൻ, പി.കെ. ബാലചന്ദ്രൻ, സി. രാധാമണി എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയെ തുടർന്നാണ് പി.ആർ. വസന്തനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. വിഭാഗീയതയിൽ പി.ആർ. വസന്തനും സൂസൻ കോടിയും വ്യത്യസ്ത പക്ഷങ്ങളിലായിരുന്നു.
അന്ന് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ പിന്നീട് സംസ്ഥാന സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വസന്തനെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തത്.
അതേസമയം, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.



























