നീണ്ടകര ക്യാൻസർ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ക്യാൻസർ പ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ലക്ഷ്യമിട്ട് ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും റീജണൽ ക്യാൻസർ സെന്ററിന്റെയും (ആർ സി സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാൻ ചവറ സൗജന്യ പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അന്നേദിവസം രാവിലെ നടന്ന ചർച്ചയിൽ നിർമാണം വേഗത്തിലാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 26ന് ആരോഗ്യ മന്ത്രിയുമായി കൂടിയാലോചന നടത്തും. ചവറ സി എച്ച് സി ഉൾപ്പെടെയുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും ആവശ്യമായ തസ്തികകളും ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ പരിശോധനകൾ പ്രോത്സാഹിപ്പിക്കണം. ചികിത്സാച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആശുപത്രി ചികിത്സയ്ക്കൊപ്പം പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ചവറ സി എച്ച് സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി ഒക്ടോബർ 16 മുതൽ നവംബർ 2 വരെയാണ് സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊല്ലം കോർപ്പറേഷൻ മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



























