ഇടുക്കി: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ 18കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യ കൊല്ലപ്പെട്ട കേസിൽ വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കരിമണൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദന്താശുപത്രിയിൽ ജോലി ചെയ്തിരുന്ന നിത്യ സംഭവദിവസം ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. അമ്മ ഏലത്തോട്ടത്തിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചിൽ നടത്തുകയും ബോഡിനായ്ക്കന്നൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
ഇതിനിടെയാണ് കരിമണലിലെ വനമേഖലയിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. നിത്യയും നിഷാന്തും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൂപ്പാറയിൽനിന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുപോയ നിത്യയെ മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കാൻ കല്ലുകൊണ്ട് മുഖത്തിടിച്ചെന്നും തുടർന്ന് മൃതദേഹം കരിമണലിലെ വനമേഖലയിലെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അടിമാലി പൊലീസും ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ 12 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്തത്. മകളുടെ മരണത്തിൽ നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മറ്റൊരു പെൺകുട്ടിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.



























