Home News Local മോഡലിങ്ങിന്റെ മറവില്‍ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം…. പച്ചവെള്ളത്തില്‍ വരെ എന്തോ പൊടി കലക്കിതന്നെന്ന് പരാതിക്കാരി

മോഡലിങ്ങിന്റെ മറവില്‍ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം…. പച്ചവെള്ളത്തില്‍ വരെ എന്തോ പൊടി കലക്കിതന്നെന്ന് പരാതിക്കാരി

കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്റെ മറവില്‍ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. പച്ചവെള്ളത്തില്‍ വരെ എന്തോ പൊടി കലക്കിതന്ന് തന്നെ പീഡിപ്പിച്ചുവെന്നും ശാരീരികമായി ഒരുപാട് ഉപദ്രവിച്ചുവെന്നും പരാതിക്കാരിലൊരാള്‍ പറഞ്ഞു.
”പണം വാങ്ങിയാണ് ദുബൈയില്‍ കൊണ്ടുപോയി പറ്റിച്ചത്. ഡ്രിങ്ക്സില്‍ ഒരു വെള്ളപ്പൊടി കലക്കി നല്‍കി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആള്‍ക്കാരൊക്കെ അവിടെവന്ന് പോയി. ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തില്‍ വരെ ആ പൊടി കലക്കിതന്നു. എന്റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ ഇവിടെ അനാശാസ്യത്തിലേര്‍പ്പെടുകയാണെന്നും ഓരോ ആണുങ്ങള്‍ വന്നുപോകുകയാണെന്നുമെല്ലാം പറഞ്ഞു. എന്നെ വീട്ടില്‍നിന്ന് ഒഴിവാക്കണമെന്നാണ് വീട്ടുകാരോട് പറഞ്ഞത്. നഗ്‌നദൃശ്യം പകര്‍ത്തി അയച്ചുനല്‍കി”, യുവതി വെളിപ്പെടുത്തുന്നു.
കേസില്‍ തിരുവനന്തപുരം സ്വദേശി അലീന, കൊച്ചി സ്വദേശി സിന്ധു, എടപ്പാള്‍ സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത വിദേശത്ത് എത്തിച്ച ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
‘അലീനയും സിന്ധുവുമാണ് പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും. പണം നല്‍കിയ ശേഷം ദുബൈയില്‍ എത്തിച്ചു. ഫ്‌ലാറ്റിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ എട്ടോളം യുവതികളുണ്ടായിരുന്നു. സിന്ധു പാസ്‌പോര്‍ട്ടും ഫോണും കൈക്കലാക്കി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. കുറേയെറെ മര്‍ദിച്ചു. പ്രതികരണശേഷി നഷ്ടപ്പെടുത്തി’. യുവതി വെളിപ്പെടുത്തി. വീട്ടിലേക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പരാതിക്കാരി വ്യക്തമാക്കി. ബന്ധുവിന്റെ സഹായത്തോടെയാണ് തിരികെ നാട്ടിലെത്തിയതെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
ആദ്യ പരാതിക്കാരിയെ വിദേശത്തേക്ക് എത്തിച്ചത് ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെന്ന വ്യാജേനയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. രണ്ടാമത്തെ പരാതിക്കാരിയെ മോഡലിങ് എന്ന് പറഞ്ഞാണ് വിദേശത്തേക്ക് എത്തിച്ചത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഒന്നാം പ്രതി സിന്ധുവിനെ മുംബൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ കേസില്‍ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുള്ള സാധ്യതയുണ്ട്. നേരത്തെ പരാതി കൊടുക്കാന്‍ പോയപ്പോള്‍ ഇരകള്‍ക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു. പിന്നില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.