മോഷണം പോയ മാല കാണിക്കവഞ്ചിയില്‍

അഞ്ചല്‍: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണമാല സമീപത്തെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ കാണപ്പെട്ടു. ഇടയം സിന്ധു ഭവനില്‍ സിന്ധുവിന്റെ ഒന്നരപവന്‍ സ്വര്‍ണ്ണമാലയാണ് സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നും ലഭിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ക്ഷേത്രം അധികൃതര്‍ വഞ്ചി തുറന്ന് പണം എടുക്കുന്നതിനിടെയാണ് സ്വര്‍ണ്ണമാല ലഭിച്ചത്. സംശയം തോന്നിയ ക്ഷേത്രം ഭാരവാഹികള്‍ സ്വര്‍ണ്ണമാല അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി കൈമാറി. രണ്ടാഴ്ച മുമ്പാണ് സിന്ധുവിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണമാലയും പതിനായിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടത്. പോലീസ് സിന്ധുവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി കളവ് പോയ മാലയാണെന്ന് ഉറപ്പു വരുത്തുകയുണ്ടായി.

Advertisement