പ്രധാനമന്ത്രി മോദിയുടെ ആശയം ഫാസിസം, ഇന്ത്യയിൽ അതിന്റെ പേര്‌ ഹിന്ദുത്വം, ബിനോയ് വിശ്വം

ശൂരനാട്‌. പ്രധാനമന്ത്രി മോദിയുടെ ആശയം ഫാസിസത്തിന്‍റേതെന്നും ഇന്ത്യയിൽ അതിന്റെ പേര്‌ ഹിന്ദുത്വം എന്നാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. ശൂരനാട്‌ രക്‌തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാചരണ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വവും ഹിന്ദുമതവും രണ്ടാണ് ഹിന്ദുത്വവും ഹിന്ദുമതവും ഒന്നാണെന്ന്‌ ഹിന്ദുമത വിശ്വാസികളെ തെറ്റിധരിപ്പിക്കുകയാണ്‌ മോദിയും കൂട്ടരും.

നാനാത്വത്തിൽ ഏകത്വമാണ്‌ നമ്മുടെ രാജ്യത്തിന്റെ വെളിച്ചം. ആ ഏകത്വം തകർത്തവർക്ക്‌ വെളിച്ചം തെളിക്കാൻ പറയാൻ അർഹതയില്ല. മോദി ഗ്യാരണ്ടി വെറും പൊള്ളയാണ്‌. വാഗ്‌ദാനംചെയ്‌ത തൊഴിൽ എവിടെയെന്നും കള്ളപ്പണം കണ്ടെത്തി എല്ലാവരുടെയും അക്കൗണ്ടിൽ എത്തിക്കുമെന്ന്‌ പറഞ്ഞത്‌ നടപ്പായോ എന്നും മോദി വ്യക്‌തമാക്കണം. കൃഷിക്കാരെ വഞ്ചിച്ചും ഉള്ള തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കിയും ഒഴിവുകൾ നികത്താതെയും വിലക്കയറ്റം തടയാതെയും ഭരണം തുടരുന്ന മോദി ജനങ്ങളെ മറന്നു. മോദിഭരണം അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയാണ്‌. യുപിയിലും മധ്യപ്രദേശിലും ഉൾപ്പെടെ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ലെന്ന യാഥാർഥ്യവും പ്രധാനമന്ത്രി മറച്ചുവയ്‌ക്കുകയാണെന്നും ഇതിന്‌ മറയിടാൻ വർഗീയത ഉപയോഗിക്കുകയാണെന്നും ബിനോയ്‌ വിശ്വം ചൂണ്ടികാട്ടി.  

 1949 ഡിസംബർ 31ലെ ശൂരനാട്‌ കലാപത്തെ തുടർന്ന്‌ പൊലീസ്‌ മർദനത്തിൽ ധീര രക്‌തസാക്ഷികളായ തണ്ടാശ്ശേരി രാഘവൻ, കളയ്ക്കാട്ടുതറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപി ള്ള, മഠത്തിൽ ഭാസ്‌ക്കരൻനായർ, കാഞ്ഞിരപ്പള്ളി വടക്കതിൽ പുരുഷോത്തമക്കുറുപ്പ് തുടങ്ങിയവരുടെ സ്‌മരണ അടങ്ങുന്ന ശൂരനാട്‌ വടക്ക്‌ പഞ്ചായത്തിലെ പൊയ്‌കയിലെ രക്‌തസാക്ഷി മണ്ഡപങ്ങളിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മന്ത്രിയുമായ വി എൻ വാസവന്റെയും നേതൃത്വത്തിൽ പുഷ്‌പാർച്ചനയോടെ ആയിരുന്നു വാർഷികാചരണ പരിപാടികൾക്ക്‌ തുടക്കം. തുടർന്ന്‌ സ്‌ത്രീകളും യുവാക്കളും രക്‌തസാക്ഷി കുടുംബാംഗങ്ങളും   ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നടന്നു. ശൂരനാട്‌ സമരസേനാനികൾക്ക്‌ രക്‌താഭിവാദ്യങ്ങൾ അർപ്പിച്ച്‌ ഡിവൈഎഫ്ഐ, എഐവൈഎഫ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ബൈക്ക്‌ റാലിയും നടത്തി. പാറക്കടവിലെ ശൂരനാട്‌ രക്‌തസാക്ഷി സ്‌മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തി. വാർഷികാചരണ കമ്മിറ്റി പ്രസിഡന്റ്‌ ആർ എസ്‌ അനിൽ അധ്യക്ഷനായി. സെക്രട്ടറി എം ശിശങ്കരപിള്ള സ്വാഗതംപറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ്‌ സുപാൽ എന്നിവർ സംസാരിച്ചു. സൂസൻകോടി, കെ ശിവശങ്കരൻനായർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ, സി രാധാമണി, എം ഗംഗാധരക്കുറുപ്പ്‌, പി ബി സത്യദേവൻ, ആർ ഗോപുകൃഷ്‌ണൻ, ശ്യാമളയമ്മ, എൻ ഓമനകുട്ടൻ, കെ പ്രദീപ്‌, എസ്‌ സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു.

Advertisement