ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം എഎ അസീസ് ഒഴിയുന്നു

കൊല്ലം. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം എ.എ അസീസ് ഒഴിഞ്ഞേക്കും. മുൻ മന്ത്രി ഷിബു ബേബി ജോണിനെ പകരം സംസ്ഥാന സെക്രട്ടറി ആക്കുമെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന കാര്യം നേരത്തെ ആലോചിച്ചിരുന്നതായും കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും എ.എ അസീസ്.

ആർ.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച സൂചനയുണ്ടായിരുന്നു. ശക്തമായ വിഭാഗീയതയും ഒരു വിഭാഗത്തിന് അസീസിനെ എതിരെ അഭിപ്രായവുമുണ്ടായിരുന്നെങ്കിലും എന്‍കെ പ്രേമചന്ദ്രന്‍റെ നിലപാടില്‍ അസീസിനെ മാന്യമായി പിരിയാന്‍ അനുവദിക്കുക എന്ന ലൈനാണ് നടപ്പാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ തുടർച്ചയായ നാലാം തവണയാണ് എ.എ അസീസിനെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കടുത്ത വിഭാഗീയത നിലനിന്നിരുന്നെങ്കിലും ഷിബു ബേബി ജോൺ തന്നെ അസീസിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു.

ദേശീയ സമ്മേളനത്തിനുശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന ധാരണയിലായിരുന്നു അന്നത്തെ തീരുമാനം. ഈ വാക്ക് പാലിക്കാൻ ഒരുങ്ങുകയാണ് എ.എ. അസീസ്. ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് എ.എ അസീസ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് അസീസ് സ്ഥാനം ഒഴിയുന്നത്. ഷിബു ബേബി ജോൺ സെക്രട്ടറി സ്ഥാനത്തേക്ക് എത്തും.

2014 ആർഎസ്പി പാർട്ടികളുടെ ലയനകാലത്ത് ആർഎസ്പി ബി യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു ഷിബു ബേബി ജോൺ.

Advertisement