14.72 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പു നടത്തിയ പ്രതികൾ അറസ്റ്റിൽ

 കൊട്ടാരക്കര  . ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ ആനുവൽ സെലിബ്രേഷൻറെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ 14 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനം ലഭിച്ചു എന്ന് വ്യാജമായിവാട്സാപ്പ് മെസ്സഞ്ചറിലൂടെയും മൊബൈൽഫോണിലൂടെയും വ്യാജ ലിങ്കുകളിലൂടെയും തെറ്റിദ്ധരിപ്പിച്ചു അധ്യാപികയുടെ പക്കൽ നിന്നും 1472400 രൂപ വഞ്ചിച്ചെടുത്ത പ്രതികളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

ആവലാതിക്കാരിക്ക് മീഷോ എന്ന ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിൽ നിന്നും മഹിന്ദ്ര എക്സ് യൂ വി 7OO കാർ സമ്മാനം ആയി ലഭിച്ചിട്ടുണ്ടെന്ന് വിവിധ ഫോൺ നമ്പറുകളിൽ നിന്നും വാട്സാപ്പ് മെസ്സേജ് മുഖേനയും അറിയിച്ചതിൽ വിശ്വസിച്ച ആവലാതിക്കാരി തനിക്കു കാർ വേണ്ട എന്നും തത്തുല്യമായ പണം മതിയെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആയതു ലഭിക്കുന്നതിലേക്കായി ടി ഡി എസ് (Tax Deducted at Source), ഇൻകം ടാക്സ്, മണി സെക്യൂരിറ്റി ഫണ്ട് മുതലായ ആവശ്യങ്ങളിലേക്കായി എന്ന് പറഞ്ഞു 19.05.2022 മുതൽ 26.07.2022 വരെ ആവലാതിക്കാരി തൻറെ നെടുമൺകാവ് ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 41 തവണകളായി ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 1472400 രൂപ അയച്ചു കൊടുത്ത് ആണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. മലയാളത്തിൽ ആയിരുന്നു ആവലാതിക്കാരിയോട് പ്രതികൾ തട്ടിപ്പു ആശയ വിനിമയം നടത്തിയിരുന്നത്.

തട്ടിപ്പിന് ഇരയായത് മനസിലാക്കിയ ആവലാതിക്കാരി26 .07 .2022 തീയതി കൊല്ലം റൂറൽ ജില്ലാ പോലീസ്‌ മേധാവി ശ്രീ കെ.ബി രവി IPS നു നൽകിയ പരാതിയിൽ അന്ന് തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിൽ പ്രതികളുടെ ലൊക്കേഷൻ ഡൽഹി പിതംപുര ആണെന്നും പണം അയച്ചു കൊടുത്ത ബാങ്ക് അക്കൗണ്ടുകൾ ഡൽഹി , ഉത്തർ പ്രദേശ് , ഹരിയാന എന്നിവിടങ്ങളിൽ ആണെന്നും മനസിലാക്കിയിട്ടുള്ളതാണ്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I 4C) യുടെ സഹായത്തോടു കൂടി അന്വേഷണം നടത്തി വന്നിട്ടുള്ളതും അന്വേഷണ മദ്ധ്യേ സമാനമായ കേസിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ടി പ്രതികളെ അറസ്റ്റ് ചെയ്ത വിവരത്തിൻറെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിട്ടുള്ളതും, കുറ്റകൃത്യം ചെയ്യാൻ പ്രതികൾ ഉപയോഗിച്ച SIM കാർഡുകളും മൊബൈൽ ഡിവൈസുകളും ഒന്ന് തന്നെ ആണെന്ന് വെളിവായിട്ടുള്ളതും ആയതിൻറെ അടിസ്ഥാനത്തിൽ ഡൽഹി പിതംപുര ശിവ മാർക്കറ്റിലെ മൂന്നു നില ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന വ്യാജ കാൾ സെൻററിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുകയും പ്രതികളായ ഡൽഹി സംഘം പാർക്ക് ആർ പി ബാഗ് സ്വദേശി പ്രവീൺ 24 വയസ്, ബീഹാർ ഗയ വസിർഗഞ്ച് പത്രോറ കോളനി സ്വദേശി സിന്റു ശർമ്മ 31 വയസ്, ഡൽഹി സരസ്വതി വിഹാർ ഷക്കുർപുർ കോളനിയിൽ അഭിഷേക് എസ് പിള്ള 24 വയസ്, ഡൽഹി ജഹാൻഗീർപുരി സ്വദേശി അമൻ 19 വയസ് എന്നിവരെ അറസ്റ്റ് ചെയ്ത് ആവലാതിക്കാരിയെ കാണിച്ചു തിരിച്ചറിഞ്ഞിട്ടുള്ളതും ആണ്. പ്രതികളിൽ രണ്ടു പേര് ഡൽഹിയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള മലയാളികൾ ആണ്. പ്രതികളിൽ ബീഹാർ സ്വദേശിയും തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നു.

വ്യാജ കാൾ സെന്ററിന്റെ നടത്തിപ്പ് , വ്യാജ എസ് എം എസ്‌ , വ്യാജ പേരിൽ ഫോണിൽ വിളിക്കുക, വ്യാജ ലിങ്ക് ഉണ്ടാക്കി സമ്മാനങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക, വ്യാജ സിം കാർഡുകൾ എത്തിച്ചു നൽകുക, വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്തു കൊടുക്കുക എന്നിങ്ങനെ വിവിധ ശ്രേണികളിലൂള്ള തട്ടിപ്പുകാരെ വ്യാജ കാൾ സെന്ററിലൂടെ ഏകോപിപ്പിച്ചായിരുന്നു ഇവർ ഓൺലൈൻ തട്ടിപ്പു നടത്തിയിരുന്നത്. ഇത്തരത്തിൽ ഇവർ മറ്റു സ്ഥലങ്ങളിൽ സമാനമായ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരുന്നുണ്ട്. ഡൽഹി കേന്ദ്രീകരിച്ചു നടത്തിയ ഈ തട്ടിപ്പിൽ നിരവധി മലയാളികൾ പങ്കാളികളായിട്ടുള്ളതായി സംശയിക്കുന്നു.


വഞ്ചന, ആൾമാറാട്ടം നടത്തി വഞ്ചിക്കുക, കമ്പ്യൂട്ടർ ഉപകരണം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്, സബ് ഇൻസ്‌പെക്ടർ സരിൻ എ. എസ് , പ്രസന്ന കുമാർ. റ്റി, സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ, രജിത് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഈ കേസിലേക്ക് കൂടുതൽ അന്വേഷണം നടത്തി വരുന്നു

Advertisement