പള്ളിശ്ശേരിക്കലിൽ വയോധികർക്ക് പേപ്പട്ടിയുടെ കടിയേറ്റു;ശാസ്താംകോട്ട തടാക തീരത്ത് കുടുംബത്തെ കടിച്ച നായ എന്ന് സംശയം:നായ പിന്നീട് ചത്തു

ശാസ്താംകോട്ട : പള്ളിശ്ശേരിക്കലിൽ വയോധികർക്ക് പേപ്പട്ടിയുടെ
കടിയേറ്റു.പാട്ടുപുരകുറ്റി ലക്ഷം വീട്ടിൽ ഫാത്തിമ്മാബീവി,കപ്ളേഴത്ത് കിഴക്കതിൽ ഗോമതി അമ്മ എന്നിവർക്കാണ് കടിയേറ്റത്.ശനിയാഴ്ച വൈകിട്ട് 5 മണിയോടെ എവിടെ നിന്നോ ഓടി എത്തിയ ഒരു നായ റോഡരികിൽ കെട്ടിയിരുന്ന ആടിനെ കടിച്ചു.പിന്നീട് ഇതുവഴി നടന്നു വരികയായിരുന്ന ഗോമതി അമ്മയേയും വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന ഫാത്തിമ്മാബീവിയേയും കടിച്ച ശേഷം ഓടി മറഞ്ഞു.പൂച്ചയ്ക്കും കടിയേറ്റു.

ഞായറാഴ്ച പുലർച്ചെ ഫാത്തിമ്മാബീവിയുടെ വീടിന് സമീപമുള്ള മറ്റൊരു വീടിന് മുന്നിൽ പേവിഷബാധ ഏറ്റ പോലെ കാണപ്പെട്ട നായ പിന്നീട് ചത്തു.കടിയേറ്റവർ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി വാക്സിൻ സ്വീകരിച്ചു.രണ്ട് പേർക്കും കാലിനാണ് കടിയേറ്റത്.പ്രദേശവാസികൾ ഭീതിയിയാണ്.തിരുവോണ ദിവസം ശാസ്താംകോട്ട കായൽ സന്ദർശിക്കാൻ എത്തിയ പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെ നായയുടെ അക്രമം ഉണ്ടായി.ഭാര്യ രാഖി, മകൻ ആര്യൻ എന്നിവർക്ക് കാലിന് ഗുരുതരമായി കടിയേറ്റു.

ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ഇവർക്ക് ചികിത്സ തേടേണ്ടി വന്നു.അതിനിടെ ഇവരെ കടിച്ച നായ തന്നെയാണ് പള്ളിശേരിക്കലിൽ വൃദ്ധരെയും ആക്രമിച്ചതെന്നാണ് സംശയം.നായ ചത്തത് ഭീതി സൃഷ്ടിച്ചിരിക്കയാണ്.

Advertisement