മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു’ വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ പാർട്ടി നിയമസഭയിൽ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയിൽനിന്ന് നിയമസഭാ ചട്ടം പഠിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസാണെന്നു മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണു പറഞ്ഞത്. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കിട്ടിയോ? എവിടെനിന്നാണു വിവരം കിട്ടിയത്. കേസ് അന്വേഷണം നടക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രസ്താവന നടത്തിയത് നിയമവിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്.?

സഭ തടസ്സപ്പെടുത്തിയതു മന്ത്രിമാരാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ വേണ്ടിത്തന്നെയാണ് പ്രതിപക്ഷം നോട്ടിസ് നൽകിയത്. ഭരണപക്ഷം മാന്യതയില്ലാതെ പെരുമാറി. അതുകൊണ്ടാണ് അടിയന്തര പ്രമേയം വേണ്ടെന്നുവച്ചത്. സഭ ടിവി സിപിഎം ടിവി ആകേണ്ടതില്ല. സഭ ടിവിയെ ഇങ്ങനെ പ്രവർത്തിക്കാൻ അനുവദിക്കില്ല.

മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണ്. സ്വർണക്കടത്ത് കേസിൽ രണ്ട് പ്രതികളാണ്. ഒന്ന് ശിവശങ്കറും രണ്ട് സ്വപ്ന സുരേഷും. ശിവശങ്കറിനെ തിരികെ സർവീസിലെടുത്തു. പുസ്തകമെഴുതാൻ അനുമതി കൊടുത്തു. പുസ്തകത്തിലുള്ളത് വെളിപ്പെടുത്തലുകളാണ്. അതേ കേസിലെ പ്രതി സ്വപ്ന വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. സാഖിയ ജഫ്രിയയുടെ കുടുംബത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കണ്ടിരുന്നുവെന്ന് മകൻ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വി.‍ഡി. സതീശൻ പറഞ്ഞു.

Advertisement