പെരുമണ്‍, കണ്ണങ്കാട് റൂട്ടില്‍ ബൈപ്പാസ് വരണമെന്ന ആവശ്യം ശക്തം, പാത കൊണ്ടു വരുന്നത് പ്രദേശത്തിന്റെ സമഗ്ര വികസനവും കോടികളുടെ ലാഭവും

പടിഞ്ഞാറെ കല്ലട: കൊല്ലം -തേനി ദേശീയപാത 183 റോഡിന്റെ പുതിയ അലൈന്‍മെന്റ് രൂപീകരിക്കുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട്, പെരുമണ്‍, കണ്ണങ്കാട്, കാരാളിമുക്ക്, ശാസ്താംകോട്ട, വഴി ഭരണിക്കാവ് റൂട്ട് പരിഗണിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം പരിശോധിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നു.

നിലവില്‍ അഞ്ചാലുംമൂട്, കുണ്ടറ, കടപുഴ, ഭരണിക്കാവ് പ്രദേശങ്ങളിലേക്കുള്ള ദൂരം 22 കിലോമീറ്റര്‍ ആണ്. പുതിയ ബൈപ്പാസ് ഇതുവഴി നിര്‍മ്മിച്ചാല്‍ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരലാഭവും സമയലാഭവും സാമ്പത്തിക നേട്ടവും സര്‍ക്കാരിനും ജനങ്ങള്‍ക്കും ലഭിക്കുമെന്ന പൊതു വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പഠനവും ആവശ്യമാണെന്നും യോഗം വിലയിരുത്തി.

പുതിയ ബൈപ്പാസിന് പെരുമണ്‍ കണ്ണങ്കാട് വഴിയുള്ള പാത ഉള്‍പ്പെട്ടാല്‍ അഞ്ചാലുംമൂട് പെരിനാട് പനയം, മണ്‍റോതുരുത്ത്, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, തേവലക്കര, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനം സാധ്യമാകുമെന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പി രാജേന്ദ്ര പ്രസാദ് ചൂണ്ടിക്കാട്ടി.

അഷ്ടമുടിക്കായലിന് കുറുകെ നിര്‍മ്മിക്കുന്ന പെരുമണ്‍ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്. ഇതൊടൊപ്പം കല്ലടയാറിന് കുറുകെ കണ്ണങ്കാട്ട് കടവ് പാലവും നിര്‍മ്മിക്കാനൊരുങ്ങുന്നു. പുതിയ അലൈന്‍മെന്റ് ഇതുവഴി പരിഗണിച്ചാല്‍ വലിയ രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള കോടികളുടെ പദ്ധതി ചെലവ് സര്‍ക്കാരിന് ലാഭിക്കാനാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജനവാസം കുറഞ്ഞ മേഖല ആയതിനാല്‍ പെരുമണ്‍ കണ്ണങ്കാട്ട് റൂട്ടില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള വലിയ ചെലവും ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. ടൂറിസം വില്ലേജായ മണ്‍ട്രോതുരുത്തിനും കൂടാതെ പെരിനാട്, മണ്‍റോതുരുത്ത്്, ശാസ്താംകോട്ട, റെയില്‍വേസ്‌റ്റേഷനുകളുടെയും പഞ്ചാടത്തുകളുടെയും സമഗ്ര വികസനത്തിന് ഈ പാതയുടെ വരവ് ഏറെ പ്രയോജനപ്പെടും.

ടൂറിസം വില്ലേജായ മണ്‍റോതുരുത്തിനും സമീപഗ്രാമപഞ്ചായത്തുകളിലെ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ പുത്തന്‍ ഉണര്‍വുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്‍ പറഞ്ഞു.

നിര്‍ദ്ദിഷ്ട പാത ഖജനാവിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും. സമയം, ദൂരലാഭം എന്നിവയും യാത്ര ചെലവും കുറയ്ക്കാനാകും. കൊല്ലം -എറണാകുളം റെയില്‍വേ ലൈനിന് സമാന്തരമായി വരുന്ന ഈ പാത മണ്‍റോതുരുത്ത് ഹാള്‍ട്ട് റെയില്‍വേ സ്‌റ്റേഷനെ ഭാവിയില്‍ ഒരു ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റിയാല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനാകുമെന്ന് എന്‍സിപി സംസ്ഥാന സമിതി അംഗം എസ് പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement