പാലത്തിന്റെ ഉയരക്കുറവുമൂലം പുതുക്കുളങ്ങര പുത്തൻപള്ളിയോടം റോഡിലൂടെ നിരക്കിനിക്കി

Advertisement

ചെങ്ങന്നൂർ: പാലത്തിന്റെ കുരുക്കഴിച്ച്‌ പുതുക്കുളങ്ങര പള്ളിയോടം കരയിലൂടെ യാത്ര ചെയ്ത് ആദി പമ്പയുടെ തീരത്തെത്തി.

വരട്ടാറിന് കുറുകെ പുതുക്കുളങ്ങരയിൽ നിർമിച്ച പാലത്തിന് ഉയരമില്ലാത്തതിനാൽ നീരണിയിൽ കർമ്മം വരട്ടാറിൽ നടത്താനാകില്ലായിരുന്നു. പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണിവിടെ നിർമിച്ചത്. കുട്ടനാടൻ മാതൃകയിൽ മധ്യഭാ​ഗം ഉയർത്തി നിർമിക്കുന്ന മഴവിൽ പാലമാണിവിടെ പണിയുന്നതെന്ന വാക്ക് വിശ്വസിച്ചാണ് പുതുക്കുളങ്ങര കരക്കാർ പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടം നിർമാണം തുടങ്ങിയത്. പല പ്രാവശ്യം പാലത്തിന്റെ ഉയരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പള്ളിയോടം കടന്നു പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്.പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ പാലത്തിനടിയിലൂടെ പള്ളിയോടം കടന്നു പോകില്ലെന്നു വ്യക്തമായി.

ജലവിതാനമുയർന്നാലും താഴ്ന്നാലും അമരം പാലത്തിന്റെ ബീമിൽ തട്ടും. വരട്ടാർ പുനരുജ്ജീവനത്തിന്റെ ജനകീയമായ ചർച്ചകൾ നഷ്ടപ്പെടുകയും ഉദ്യോ​ഗസ്ഥരും സർക്കാരും തീരുമാനിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കാനും തുടങ്ങിയതോടെയാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ.നദി പുനരുജ്ജീവനത്തിന് പകരമിപ്പോൾ വ്യാപകമായ മണൽ ഖനനം വരട്ടാർ തീരത്ത് നടക്കുമ്പോഴാണ് പുതുക്കുളങ്ങര പള്ളിയോടമിപ്പോൾ കരയാത്ര നടത്തിയിരിക്കുന്നത്.ഞായറാഴ്ച രാവിലെ പള്ളിയോടം കരയിലൂടെ അരക്കിലോമീറ്ററോളം ദൂരം പച്ചമടലുകൾ താഴെ നിരത്തിനീക്കി. ശ്രീദുർഗ്ഗാ എൻഎസ്‌എസ് കരയോഗം പ്രസിഡൻറ് കെ പി രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പടയണി കലാകാരന്മാരും പള്ളിയോട പ്രേമികളും കരക്കാരും ഉദ്യമത്തിൽ പങ്കാളികളായി. ടാറിട്ട റോഡിലൂടെ പച്ചമടലുകൾ നിരത്തി പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വടക്കു വശത്തെ മതിൽ പൊളിച്ച്‌ വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദി പമ്പയുടെ തീരത്തെത്തിച്ചത്.

2022 ഓ​ഗസ്റ്റ് 21 ന് പള്ളിയോടം നീരണിയൽ ചടങ്ങ് നടത്തും. രാവിലെ കരക്കാരുടെ നേതൃത്വത്തിൽ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെത്തി വഞ്ചിപ്പാട്ട് പാടി പ്രദക്ഷിണം വച്ച്‌ പുതുക്കുളങ്ങര ശ്രീപാർവതി ” യെന്ന ആനയുടെ അകമ്പടിയിൽ നിർമാണം പൂർത്തിയാക്കിയ പള്ളിയോടത്തിനടുത്തെത്തി. ഹരിയോ ഹര വിളിച്ച്‌ പള്ളിയോടമാഞ്ഞു തള്ളി. ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച്‌ പള്ളിയോടമായ പുതുക്കുളങ്ങരയ്ക്ക് ആറരമീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ ഉടമയുമുണ്ട് (വീതി). 68 പേർക്ക് കയറാം.

അയിരൂർ ചെല്ലപ്പനാചാരിയുടെ മകൻ സന്തോഷ് ആചാരിയാണ് പള്ളിയോടത്തിൻറെ മുഖ്യ ശിൽപ്പി. പച്ചമടലിലൂടെ ഇത്രയും ദൂരം കൊണ്ടു പോകുന്ന പള്ളിയോടം കുഞ്ഞിനോടുള്ള കരുതൽ പോലെ നിർദേശങ്ങൾ നൽകി സന്തോഷ് ആചാരി ഒപ്പം നിന്നു . പള്ളിയോടം ഇത്രയും ദൂരം തള്ളി നീക്കുമ്പോൾ തടി വലിയുമോയെന്ന ആശങ്കയുണ്ടായിരുന്നു. ആശങ്ക നീങ്ങി പുതുക്കുളങ്ങര ദേവിക്ക് മുൻപിൽ പൊൻ കണിയായി പള്ളിയോടം ചിങ്ങം അഞ്ചുവരെ നിലകൊള്ളും. എല്ലാം മം​ഗളമായതിന്റെ സന്തോഷത്തിൽ ദേവിയെ സ്തുതിച്ചു കരക്കാർ വഞ്ചിപ്പാട്ടുപാടി.

Advertisement