കൊടുങ്ങല്ലൂരിൽ ഇന്ന് അശ്വതി കാവുതീണ്ടൽ


കൊടുങ്ങല്ലൂർ: ഭരണിയുത്സവത്തിന് രേവതിവിളക്ക് തെളിഞ്ഞു. ഇന്ന് പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ നടക്കും.കാവാകെ വെളിച്ചപ്പാടുകൾ ഉറഞ്ഞാടുമ്പോളാണ് ക്ഷേത്ര വാതിലുകൾ കൊട്ടിയടച്ച്‌ അടികൾമാരാണ്‌ തൃച്ചന്ദനച്ചാർത്ത് പൂജ നടത്തുക.

തമ്പുരാനും പരിവാരങ്ങളും പൂജ കഴിയുന്നതോടെ കിഴക്കേ നടയിലെ നിലപാടുതറയിലേക്ക് എഴുന്നള്ളും.

ആയിരക്കണക്കിന് കോമരങ്ങളും ഭക്തരും ഈ സമയം കാവുതീണ്ടാൻ കാത്തു നിൽക്കും. തമ്പുരാൻ അനുവാദം നൽകുന്നതോടെ കോയ്മ ചുവന്ന പട്ടു കുട നിവർത്തും. ഇതോടെയാണ് ഉറഞ്ഞു തുള്ളുന്ന കോമരങ്ങളും ഭക്തരും ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് ചുറ്റും കുതിച്ചോടി ക്ഷേത്ര ചെമ്പോലയിൽ മുളവടിയാൽ ആഞ്ഞടിച്ച്‌ അശ്വതി കാവുതീണ്ടുക. ആദ്യം കാവുതീണ്ടുക പാലക്കവേലനാണ് . തീണ്ടൽ കഴിഞ്ഞാൽ പിന്നെ ക്ഷേത്രനട അടയ്ക്കും. തുടർന്ന് തെയ്യവും തിറയും മുടിയാട്ടവുമെല്ലാം ക്ഷേത്ര മുറ്റത്ത് അരങ്ങേറും.

Advertisement