നിയമവിദ്യാർത്ഥികൾക്ക് അറ്റോർണി ജനറലിന്റെ സ്നേഹസമ്മാനം; 12 ലക്ഷം രൂപയുടെ പുസ്തകം

Advertisement

തിരുവനന്തപുരം: കേരളത്തിലെ നിയമവിദ്യാർഥികൾ സഹായത്തിനായി അപേക്ഷിച്ചപ്പോൾ യാതൊരുവിധ തടസങ്ങളും പറയാതെ അത് അംഗീകരിച്ചുകൊടുത്ത് അറ്റോർണി ജെനറൽ കെകെ വേണുഗോപാൽ.
12 ലക്ഷം രൂപയുടെ പുസ്തകമാണ് അദ്ദേഹം വിദ്യാർഥികൾക്ക് സമ്മാനിച്ചിരിക്കുന്നത്. മറ്റെല്ലാ സാധ്യതകളും അടഞ്ഞപ്പോഴാണ് കേരള സർവകലാശാലയിലെ നിയമവിഭാഗം വിദ്യാർഥികളും അധ്യാപകരും അറ്റോർണി ജെനറൽ കെകെ വേണുഗോപാലിന്റെ വാതിലിൽ മുട്ടി സഹായത്തിനായി അഭ്യർഥിച്ചത്.

ഒരു റഫറൻസ് പുസ്തകം വാങ്ങുന്ന കാര്യമല്ലേ, അതിൽ എന്തിരിക്കുന്നു എന്നുതോന്നാം. പക്ഷേ അതിന്റെ വില അറിയുന്നത് വരെ മാത്രമേ ഇത്തരം ചിന്തകൾ കടന്നുവരൂ. പേറ്റന്റ് നിയമത്തിന്റെ ബൈബിൾ ആയി കണക്കാക്കപ്പെടുന്ന ചിസം ഓൺ പേറ്റന്റിന് $15,894 (12 ലക്ഷം രൂപ) ആണ് വില.

ലൈബ്രറി പുസ്തകങ്ങൾ വാങ്ങാൻ വാർഷിക ഗ്രാന്റായി നാലു ലക്ഷം രൂപ മാത്രം ലഭിക്കുന്ന വകുപ്പിന് 54 വാല്യങ്ങളുള്ള പുസ്തകം എല്ലായ്‌പ്പോഴും വളരെ വിലപ്പെട്ടതാണ്. എന്നാൽ തീരെ പ്രതീക്ഷിക്കാതെയാണ് വിദ്യാർഥികളെയും അധ്യാപകരെയും അമ്പരപ്പിച്ചുകൊണ്ട് വകുപ്പ് മേധാവി സിന്ധു തുളസീധരന് കുറച്ച്‌ ദിവസങ്ങൾക്ക് മുമ്പ്, വേണുഗോപാലിൽ നിന്ന് അനുകൂല തീരുമാനവുമായി ഒരു കത്ത് ലഭിക്കുന്നത്. പുസ്തകം വാങ്ങി അവർക്ക് ‘സമ്മാനം’ നൽകാൻ തീരുമാനിച്ചു. ‘നിങ്ങളുടെ അഭ്യർഥനയെ മാനിച്ച്‌, പുസ്തകം വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ട് എന്നായിരുന്നു കത്തിൽ എഴുതിയത്.

‘അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നാണ് സിന്ധുവിനെ ഉദ്ധരിച്ച്‌ ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ‘വില എല്ലായ്‌പ്പോഴും ഒരു തടസമാണ്, പക്ഷേ ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് തർക്കങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്റർ ഡിസിപ്ലിനറി പഠനം നടത്താൻ ഞങ്ങളുടെ വിദ്യാർഥികൾ താൽപര്യപ്പെടുന്നതിനാൽ പുസ്തകം വാങ്ങണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.

സി എസ് ആർ സ്‌കീമിന് കീഴിൽ സഹായം ലഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി കോർപറേറ്റ് നിയമ സ്ഥാപനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരുന്നു. തുടർന്ന് മാർച്ച് മൂന്നിന് വേണുഗോപാൽ സാറിന് ഞങ്ങളെ സഹായിക്കാൻ കഴിയുമോ എന്ന് ചോദിച്ച്‌ കത്തയച്ചതായും അവർ പറഞ്ഞു.

വാഷിംഗ്ടൻ യൂണിവേഴ്‌സിറ്റിയിലെയും സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയിലെയും പ്രൊഫസറായ യുഎസ് പണ്ഡിതനായ ഡൊണാൾഡ് എസ് ചിസം എഴുതിയ ‘ചിസം ഓൺ പേറ്റന്റ്’ 1978-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. 14 യുഎസ് സുപ്രീം കോടതി തീരുമാനങ്ങൾ ഉൾപെടെ 1,100-ലധികം യുഎസ് കേസുകളിൽ ഉദ്ധരണികളോടെ ഏറ്റവും കൂടുതൽ ഉദ്ധരിച്ച പേറ്റന്റ് ഗ്രന്ഥമാണിത്. പുസ്തകം ആനുകാലികമായി പരിഷ്‌കരിക്കപ്പെടുന്നു, ഏറ്റവും പുതിയ പതിപ്പിൽ 2011-ലെ അമേരിക ഇൻവെന്റ്‌സ് ആബം​ഗളുക്ടിന്റെ വിശദമായ വിശകലനവും അടങ്ങിയിരിക്കുന്നു.

കാഞ്ഞങ്ങാട്ട് ജനിച്ച വേണുഗോപാലിന് വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവ് എം കെ നമ്പ്യാരുടെ സ്മരണയ്ക്കായി കേരളത്തിൽ നിയമ സർവകലാശാല തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് എം കെ നമ്പ്യാർ അധ്യക്ഷനായ ബം​ഗളുരുവിലെ നാഷനൽ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിനാണ് ആ ഭാഗ്യമുണ്ടായത്.

Advertisement