പ്രൈമറി പ്രഥമാദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യം

കൊട്ടാരക്കര: പുതുതായി നിയമിക്കപ്പെട്ട ഗവ.പ്രൈമറി പ്രഥമാദ്ധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള ഗവ.പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 1600ൽ പരം പ്രൈമറി പ്രഥമാദ്ധ്യാപകരാണ് പുതുതായി നിയമിക്കപ്പെട്ടത്.

നിലവിൽ പ്രൈമറി അദ്ധ്യാപകരുടെ ആനുകൂല്യം മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന ഇവരിൽ പലരും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നവരാണ്. ശമ്പള സ്കെയിൽ അനുവദിക്കാത്തതിനാൽ പെൻഷൻ പ്രൊപ്പോസൽ പോലും സമർപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് സമ്മേളന പ്രതിനിധികൾ പറയുന്നു.

ഉച്ചഭക്ഷണം കുടുംബശ്രീ പോലുള്ള ഏജൻസികളെ ഏൽപ്പിക്കുക, പ്രൈമറി ഹെഡ് മാസ്റ്റർമാർക്ക് പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജി.വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മധുസൂദനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.അനിൽ കുമാർ, സംസ്ഥന സെക്രട്ടറി വി.നാരായണൻ, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ ഉണ്ണികൃഷ്ണൻ നായർ, ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു,

Advertisement