പൊതു സമൂഹത്തിൻ്റെ സ്വത്ത് സംരക്ഷിക്കേണ്ട സർക്കാർ തന്നെ അനധികൃത കയ്യേറ്റക്കാരായി തരം താണു, കെപി ശശികല

ശാസ്താംകോട്ട: പൊതു സമൂഹത്തിൻ്റെ സ്വത്ത് സംരക്ഷിക്കേണ്ട സർക്കാർ തന്നെ അനധികൃത കയ്യേറ്റക്കാരായി തരം താണിരിക്കുകയാണന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു

.ശൂരനാട് തെക്ക് കുമരം ചിറ ദേവീക്ഷേത്രഭൂമിയിൽ റവന്യു അധികൃതർ കയ്യേറിയ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ക്ഷേത്രഭൂമിയാണന്ന് വ്യക്തമായ രേഖയുണ്ടായിട്ടും റവന്യു അധികൃതർ ഇവിടം കയ്യേറി കല്ലിട്ടതിന് പിന്നിൽ ദുരൂഹതയുണ്ട്.
ദേവസ്വം ബോർഡ് കയ്യേറ്റത്തിനെതിരെ തുടക്കത്തിൽ തന്നെ രംഗത്ത് വന്നത് പ്രശംസനീയമാണ്.ഇക്കാര്യത്തിൽ ഹിന്ദു ഐക്യവേദിയുടെ എല്ലാ പിന്തുണയും ദേവസ്വം ബോർഡിന് നൽകുമെന്നും ശശികല അറിയിച്ചു.
ഉന്നതരുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. ശൂരനാട് തെക്ക് പഞ്ചായത്തിൽ തന്നെ കണ്ണായ പല സ്ഥലങ്ങളിലും റവന്യു പുറം പോക്ക് പലരും കയ്യേറിയതായാണ് മനസിലായിട്ടുണ്ടന്നും ശശികല വ്യക്തമാക്കി.ഹിന്ദു ഐക്യവേദി ദക്ഷിണമേഖല സംഘടനാ സെക്രട്ടറി പുത്തൂർ തുളസി, ജില്ലാ സംഘടനാ സെക്രട്ടറി ഓച്ചിറ രവികുമാർ ,താലൂക്ക് പ്രസിഡൻ്റ് രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പമാണ് ശശികല ടീച്ചർ പതാരത്തെ കയ്യേറ്റഭൂമിയിൽ എത്തിയത്.
ഇതിനിടെ ദേവസ്വം ഭൂമി കയ്യേറിയ റവന്യു അധികൃതർക്ക് എതിരെ ദേവസ്വം ബോർഡ് ശാസ്താംകോട്ട കോടതിയിൽ ഹർജി നൽകി. ഉപദേശക സമിതിയും പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.

പതാരം ടൗണിൽ സ്വകാര്യ വ്യക്തികൾ കയ്യേറി വച്ചിരിക്കുന്ന 50 സെൻ്റോളം റവന്യു പുറം പോക്ക് ഭൂമിയുണ്ട്.നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചുറ്റുവട്ടത്താണ് ഈ പ്രദേശങ്ങൾ എല്ലാം. സി പി എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണയിൽ കഴിയുന്ന ഈ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ തയ്യാറാകാതെ ക്ഷേത്രഭൂമി കയ്യേറി സ്മാർട്ട് വില്ലേജ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്..

Advertisement