ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട: അയിരൂർ-ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറിൽ 110-ാമത് ഹിന്ദുമത പരിഷത്തിന് ഇന്ന് തിരിതെളിയും.

രാവിലെ 11ന് വിവിധ ഘോഷയാത്രകൾക്ക് സ്വീകരണം നല്കും. വൈകിട്ട് 4ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷനാകും.

സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ പ്രഭാഷണം നടത്തും. നാളെ രാവിലെ 10ന് തീർത്ഥപാദീയ ദർശനസഭയിൽ ചിദ്‌വിലാസിനി പ്രഭാഷണം നടത്തും. 3ന് മാർഗദർശനസഭയിൽ സ്വാമി ചിദാനന്ദപുരി അധ്യക്ഷനാകും. എ. ഗോപാലകൃഷ്ണൻ, ഡോ. ടി.എസ്. വിജയൻ കാരുമാത്ര എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും.

8ന് 3.30ന് സാംസ്‌കാരിക സമ്മേളനത്തിൽ മാർഗദർശക മണ്ഡലം കാര്യദർശി സത്‌സ്വരൂപാനന്ദ സ്വാമി അധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ദേശമംഗലം ഓംകാര ആശ്രമം അധിപതി നിഗമാനന്ദ തീർഥപാദ സ്വാമി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തും.

9ന് 3.30ന് അയ്യപ്പഭക്ത സമ്മേളനത്തിൽ പന്തളം കൊട്ടാരത്തിലെ പി.രാജരാജവർമ അധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 7ന് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും.

10ന് 3.30ന് വിദ്യാഭ്യാസ സഭയിൽ വിദ്യാഭാരതി മുൻ ദേശീയ അധ്യക്ഷൻ ഡോ.പി.കെ.മാധവൻ അധ്യക്ഷനാകും. 7ന് കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ.മധു പ്രഭാഷണം നടത്തും. 11ന് 3.30ന് ആചാര്യ അനുസ്മരണ സഭയിൽ വാഴൂർ തീർത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ സ്വാമി അധ്യക്ഷനാകും.

ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആചാര്യൻ ശാരദാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്യും. 7ന് ആർ. രാമാനന്ദ് പ്രഭാഷണം നടത്തും. 12ന് 3.30ന് വനിതാ സമ്മേളനം ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ അനുഗ്രഹപ്രഭാഷണം നടത്തും.

ഡോ.വി.ടി. ലക്ഷ്മി വിജയൻ പ്രഭാഷണം നടത്തും. മതപാഠശാല ബാലഗോകുലം ആധ്യാത്മിക പഠനകേന്ദ്രം മത്സര വിജയികൾക്കുള്ള സമ്മാനദാനം മാതാ സത്യപ്രിയാനന്ദ സരസ്വതി നിർവഹിക്കും. 13ന് രാവിലെ 10ന് ബാല പ്രതിഭാസംഗമം. വൈകിട്ട് 4ന് നടക്കുന്ന സമാപനസഭയിൽ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനവും സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശവും നിർവഹിക്കുമെന്ന് പ്രസിഡന്റ് പി.എസ്.നായർ, സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള എന്നിവർ അറിയിച്ചു.

Advertisement