28.8 C
Kollam
Monday 19th October, 2026 | 10:19:30 PM
Home News Breaking News രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ല,ജില്ലയിൽ ന്യൂനപക്ഷ സ്ഥാനാർഥിയില്ലാത്തത് തിരിച്ചടിയായി,തെറ്റുകൾ ഏറ്റുപറഞ്ഞും വിമർശനങ്ങൾക്ക് പ്രതിരോധം തീർത്തും...

രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ല,ജില്ലയിൽ ന്യൂനപക്ഷ സ്ഥാനാർഥിയില്ലാത്തത് തിരിച്ചടിയായി,തെറ്റുകൾ ഏറ്റുപറഞ്ഞും വിമർശനങ്ങൾക്ക് പ്രതിരോധം തീർത്തും കണ്ണൂര്‍ സിപിഎം

കണ്ണൂര്‍. വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തെറ്റുകൾ ഏറ്റുപറഞ്ഞു വിമർശനങ്ങൾക്ക് പ്രതിരോധം തീർത്തും സിപിഐഎം കണ്ണൂർ നേതൃത്വം. പയ്യന്നൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റിക്ക് ആണെന്നും ന്യൂനപക്ഷ സ്ഥാനാർഥിയില്ലാത്തത് തിരിച്ചടിയായെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പൊതുചർച്ചയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അനുകൂലിച്ചും വിമർശിച്ചും പരാമർശങ്ങൾ ഉയർന്നു.


സിപിഐഎമ്മിന്റെ ശക്തിദുർഗ്ഗമായ കണ്ണൂരിൽ പാർട്ടിക്കുണ്ടായ പാളിച്ചകൾ സമ്മതിക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ല, ജില്ലയിൽ ന്യൂനപക്ഷ സ്ഥാനാർഥിയില്ലാത്തത് തിരിച്ചടിയായി തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ടിൽ വിശദമായി പരാമർശിക്കുന്നുണ്ട്. പയ്യന്നൂരിലെ പരാജയവും മട്ടന്നൂരിൽ വോട്ട് കുറഞ്ഞതും ഏരിയ കമ്മിറ്റികളുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികളുടെ തലയിൽ ഇടുന്ന ജില്ലാ സെക്രട്ടറിക്കെതിരെ പൊതു ചർച്ചയിൽ വിമർശനം ഉണ്ടായി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥിനിർണയത്തിൽ വീഴ്ച ഉണ്ടായെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നു. എന്നാൽ എം വി ഗോവിന്ദനെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യവും പ്രതിനിധികളിൽ നിന്ന് ഉയർന്നു. കേന്ദ്രകമ്മിറ്റി എന്തുകൊണ്ട് ഇടപെട്ട് തിരുത്തിയില്ലെന്നായിരുന്നു വിമർശനം. കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അമ്പല കമ്മിറ്റി ആണോ എന്നായിരുന്നു പരിഹാസം. മുസ്ലിം ന്യൂനപക്ഷത്തിൽ നിന്ന് സ്ഥാനാർത്ഥി ഇല്ലാതിരുന്നതിലും രൂക്ഷ വിമർശനം ഉണ്ടായി.
ഒരു സ്ഥാനാർഥിയെ പോലും നിർത്താതെ മുസ്ലിം ജനവിഭാഗം പാർട്ടിയിൽനിന്ന് അകന്നു എന്ന വിമർശനത്തിൽ എന്ത് കാര്യം എന്നായിരുന്നു കുറ്റപ്പെടുത്തൽ. രണ്ടാം ദിവസവും പ്രതിനിധികളുടെ പൊതു ചർച്ച തുടരുകയാണ്. ചർച്ചയ്ക്കുശേഷം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പൊതു ചർച്ചയിൽ ഉയർന്ന വിഷയങ്ങളിൽ മറുപടി പറയും. കമ്മിറ്റി വിപുലീകരണത്തിന്റെ ഭാഗമായി പി പി ദിവ്യയെ തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഇത് കമ്മിറ്റിയിൽ ചർച്ചയായില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ ഉണ്ടായ ശാസനയ്ക്ക് സമാനമായ നടപടി ജില്ലാ സെക്രട്ടറിക്കെതിരെയും ഉണ്ടാകുമോ എന്നതും പ്രധാനമാണ്.

സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായിയുടെ മൗനത്തിനെതിരെ
സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രതികരണം വൈകിയത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിനിധികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തം ഏരിയ കമ്മിറ്റികൾക്കാണെന്ന ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിലും രൂക്ഷ വിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്.


കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കിഫ്‌ബിയടക്കമുള്ള വിഷയങ്ങൾ പിണറായി പരാമർശിച്ചെങ്കിലും ഇ ഡി കേസിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ രണ്ടാം ദിവസത്തെ ചർച്ചയിൽ പിണറായിയുടെ മൗനം വിഷയമായി.

LEAVE A REPLY

Please enter your comment!
Please enter your name here