കോഴിക്കോട്.ഗൾഫ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്. 25,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 60,000 രൂപ വരെ ഉയർന്നു. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളിൽ പലരുടെയും മടക്കയാത്ര പ്രതിസന്ധിയിലായി.
വിമാന സർവീസുകൾ വെട്ടിക്കുറച്ചതോടെ സൗദിയിലേക്കുള്ള യാത്രയ്ക്കാണ് വലിയ തിരിച്ചടി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ട പ്രവാസികൾ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ട സാഹചര്യമാണ്. സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം തുക യാത്രയ്ക്കായി കണ്ടെത്തേണ്ടിവരുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയും വർധിപ്പിക്കുന്നു.
ചാർട്ടർ വിമാനങ്ങളിലും ഉയർന്ന നിരക്ക് ഈടാക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകുകയാണ്.
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരിൽ നാൽപ്പത് ശതമാനത്തോളം സൗദിയിലേക്കാണെന്നാണ് കണക്ക്. നിരക്ക് വർധന ഇത്രയധികം യാത്രക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.






























