കണ്ണൂര്‍: സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ സംഘടനാപരമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്ന് ചില പ്രതിനിധികള്‍ യോഗത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായ രാഗേഷിന് താഴെത്തട്ടിലെ അണികളുമായി വലിയ ബന്ധമില്ലെന്നും, മുതിര്‍ന്ന പല നേതാക്കളെയും തഴഞ്ഞാണ് അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി പദവി നല്‍കിയതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലെ ബന്ധമില്ലായ്മ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി മാറിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തന്നെ പരമ്പരാഗത സ്വാധീന കേന്ദ്രങ്ങളില്‍ അടിപതറി തുടങ്ങിയ പാര്‍ട്ടിക്ക്, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം ഒറ്റക്കെട്ടായി തടയാന്‍ കഴിഞ്ഞില്ലെന്ന് പ്രതിനിധികള്‍ വിലയിരുത്തി. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളായ തലശ്ശേരി, മട്ടന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് ഗണ്യമായി കുറഞ്ഞത് അസാധാരണ തിരിച്ചടിയാണ്. ഇതില്‍ കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതിന് പകരം ഏരിയാ കമ്മിറ്റികളെ പഴിചാരി രക്ഷപ്പെടാനാണ് ജില്ലാ സെക്രട്ടറി ശ്രമിച്ചതെന്ന ആക്ഷേപവുമുയര്‍ന്നു. തലശ്ശേരിയില്‍ എ.എന്‍. ഷംസീറിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയത് വലിയ തിരിച്ചടിയായി. കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം ന്യൂനപക്ഷത്തില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതിരുന്നത് യുഡിഎഫിന് രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ സഹായകരമായി മാറിയെന്നും വിലയിരുത്തലുണ്ടായി. ഷംസീറിനെ വീണ്ടും മത്സരരംഗത്തിറക്കിയില്ലെങ്കില്‍ അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കണമായിരുന്നുവെന്ന അഭിപ്രായം തലശ്ശേരി ഏരിയയില്‍ നിന്ന് ഉയര്‍ന്നുവന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനെതിരെയും പ്രതിനിധികള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വീഴ്ചകള്‍ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധിച്ച സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ഇത് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച എന്‍. ചന്ദ്രന്‍, പി. ഹരീന്ദ്രന്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും പയ്യന്നൂര്‍ വിശാല ഏരിയാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നുമാണ് നിലവിലെ തീരുമാനം.
പാര്‍ട്ടിയില്‍ യുവ നേതൃനിരയെ വളര്‍ത്തിയെടുക്കണമെന്ന പൊതുതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തിരിച്ചുകൊണ്ടുവരണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ മുന്നോട്ടുവെച്ചേക്കുമെന്നും സൂചനയുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ദിവ്യക്കെതിരെ നടപടി സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി സമര്‍പ്പിക്കേണ്ടി വന്നതും. കൂടാതെ ജില്ലാ കമ്മിറ്റിയിലേക്ക് ഏരിയാ സെക്രട്ടറിമാരെയും വര്‍ഗ്ഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിതാക്കളാക്കുന്ന കാര്യവും ആലോചനയിലുണ്ട്.
യോഗത്തിലെ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ജില്ലയിലെ വോട്ട് ചോര്‍ച്ച പ്രധാന ചര്‍ച്ചാവിഷയമായി മാറി. രാഷ്ട്രീയ എതിരാളികളുടെ വ്യാജപ്രചാരണങ്ങളില്‍ അണികള്‍ വീണുപോയതും ചില പ്രാദേശിക നേതാക്കളുടെ പെരുമാറ്റരീതികള്‍ പൊതുജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതായും വിലയിരുത്തലുണ്ട്. മുന്‍പ് തെരഞ്ഞെടുപ്പ് വോട്ടുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പാളുന്ന അവസ്ഥയാണ്. അടിസ്ഥാന ജനവിഭാഗങ്ങളുമായി താഴെത്തട്ടിലുണ്ടായിരുന്ന ദൃഢബന്ധത്തില്‍ വിള്ളല്‍ വീണതാണ് ഇതിന് പ്രധാന കാരണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എന്‍. ബാലഗോപാല്‍, പുത്തലത്ത് ദിനേശന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജു, എം.വി. ജയരാജന്‍, പി. ജയരാജന്‍, പ്രത്യേക ക്ഷണിതാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും പാര്‍ട്ടി അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ 156 പേരാണ് ദ്വിദിന വിപുലീകൃത യോഗത്തില്‍ പങ്കെടുക്കുന്നത്.
































