മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ പിടികൂടിയത്. ബിഷ്‌ണോയ് ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഹൃത്വിക് കുമാർ (22), റെഹാൻ (18), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. പുണെ–ജയ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു നടപടി. രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്. കൊലയാളികളെ വാടകയ്ക്കെടുത്തവരും വെടിവെപ്പിനുശേഷം രക്ഷപ്പെടാൻ സഹായിച്ചയാളുമാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്.
മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് ടൈഗർ ഷ്റോഫ് പുറത്തിറങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. താരത്തെ കാണാൻ നിരവധി ആരാധകർ സ്ഥലത്തുണ്ടായിരുന്നു. ആരാധകർക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാർ പുറത്തേക്കു വരുന്നതിനിടെ ബൈക്കിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. ഏഴുതവണ വെടിയുതിർത്തതായാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനുശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.
ടൈഗർ ഷ്റോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നെഞ്ചിൽ പരിക്കേറ്റ ഡ്രൈവറെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘാംഗങ്ങളായ അനിൽ പണ്ഡിറ്റും ഹർമൽ സന്ധുവും ഏറ്റെടുത്തതായാണ് റിപ്പോർട്ട്. സൽമാൻ ഖാനുമായുള്ള സൗഹൃദമാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമെന്ന നിഗമനവും ഉയരുന്നുണ്ട്. സൽമാൻ ഖാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്‌ണോയ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.



























