തിരുവനന്തപുരം. സംസ്ഥാനത്ത് ബേക്കറികള് വഴി 15 ശതമാനം വീര്യമുള്ള ഹോര്ട്ടിവൈന് വില്പ്പനയ്ക്ക് അനുമതി നല്കിയ നടപടി വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ അതിവേഗ നടപടിയുമായി സര്ക്കാര്. വിവാദ ഉത്തരവിന് കാരണക്കാരനായ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് സി.കെ. അനില് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി സര്ക്കാര് ഉത്തരവിറക്കി. പകരം വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനില് കുമാറിന് പുതിയ നിയമനങ്ങളൊന്നും നല്കിയിട്ടില്ല.
സര്ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സുപ്രധാന ചര്ച്ചകള് പുരോഗമിക്കുന്ന ഘട്ടത്തില്, വകുപ്പ് മന്ത്രിയെ പോലും ഇരുട്ടില് നിര്ത്തി ഇത്തരം നയപരമായ തീരുമാനങ്ങള് എടുത്തതിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് കര്ശന നടപടി. ബേക്കറി വഴിയുള്ള വൈന് വില്പ്പന സര്ക്കാരിന്റെ അറിവോടെയല്ല നടന്നതെന്നും, ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി എം ലിജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചാലക്കുടിയിലെ എംസിആര് ബേക്കറിക്ക് ഹോര്ട്ടിവൈന് വില്ക്കാന് അനുമതി നല്കിയ തീരുമാനം സര്ക്കാര് റദ്ദാക്കി. ഉത്തരവിറങ്ങിയതിലുള്ള തങ്ങളുടെ അതൃപ്തി മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് റദ്ദാക്കാന് മുഖ്യമന്ത്രി നിര്ദേശവും നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം വരുന്നതുവരെ ഫോര്ട്ടിവൈനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിര്ത്തിവയ്ക്കാന് എക്സൈസ് കമ്മീഷണര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈന് വില്പന നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കമ്മീഷണര്ക്കായിക്കും.



























