ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയെന്ന് കരുതിയ സംഭവത്തിനു പിന്നിൽ കൊലപാതകവും ആത്മഹത്യയുമാണെന്ന സംശയത്തിലാണ് പൊലീസ്. സ്വത്ത് തർക്കത്തെത്തുടർന്ന് പിതാവ് ന്യൂഡിൽസിൽ വിഷം കലർത്തി കുടുംബത്തിന് നൽകിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഗ്രേറ്റർ നോയിഡയിലെ രബുപുരയിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ മിഷ്തി (7), ലഡ്ഡു (11), സാക്ഷത് (3) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കുടുംബം വീട്ടിലെത്തി ന്യൂഡിൽസ് പാകം ചെയ്ത് കഴിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അയൽവാസികളും ബന്ധുക്കളും വീടിന്റെ മേൽക്കൂര വഴി അകത്തുകയറി വാതിൽ തുറന്നപ്പോഴാണ് അഞ്ചുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ വായിൽനിന്ന് നുരയും പതയും വന്നിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
തുടക്കത്തിൽ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ, അന്വേഷണത്തിനിടെ മഹേഷിന്റെ മൊബൈൽ ഫോണിൽനിന്ന് പൊലീസ് ശബ്ദസന്ദേശം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ തന്റെ രണ്ട് സഹോദരിമാരെയും ഒരു അളിയനെയും മഹേഷ് സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ടെന്നാണ് വിവരം.
സ്വത്തുതർക്കവും ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മർദവുമാകാം കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം മഹേഷ് ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ, മരണങ്ങളുടെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും രാസപരിശോധനാ ഫലങ്ങളും ലഭിക്കേണ്ടതുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Home News Breaking News ന്യൂഡിൽസിൽ വിഷം കലർത്തി കുടുംബത്തെ കൊലപ്പെടുത്തിയെന്ന് സംശയം; ഗ്രേറ്റർ നോയിഡയിലെ അഞ്ചു മരണങ്ങളിൽ ദുരൂഹത



























