27.5 C
Kollam
Saturday 17th October, 2026 | 05:09:40 PM
Home News Kerala കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്ത് അബ്ദുൾ സമദും കസ്റ്റഡിയിൽ

കാണാതായ അധ്യാപികയെ പാലക്കാട്ടുനിന്ന് കണ്ടെത്തി; സുഹൃത്ത് അബ്ദുൾ സമദും കസ്റ്റഡിയിൽ

കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ പാലക്കാട് പുതുശേരിയിൽനിന്ന് കണ്ടെത്തി. വടകര തോടന്നൂർ സ്വദേശി സുഹൃത്ത് അബ്ദുൾ സമദിനൊപ്പമാണ് അധ്യാപികയെ തൊട്ടിൽപാലം പൊലീസ് കണ്ടെത്തിയത്. ഇരുവരും ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു.

അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇരുവരിലേക്കും പൊലീസിനെ എത്തിച്ചത്. ഈ മാസം 22ന് കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ടെത്തൽ. കൗൺസലിങ്ങിനുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.

തൊട്ടിൽപാലം മൊയിലോത്തറ ജി.എൽ.പി.എസ് അധ്യാപികയായ അനുമോളെ അഞ്ചിനാണ് കാണാതായത്. അന്ന് സ്കൂളിലേക്ക് പോയ അനുമോളെ പിന്നീട് കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബ്ദുൾ സമദുമായി അധ്യാപികയ്ക്ക് ബന്ധമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സമദിന്റെ പേരിൽ ഏഴ് സിം കാർഡുകളുണ്ടെന്നും ഇവയുടെ കോൾ വിവരങ്ങൾ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും വൈഫൈ വഴി വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി.

സമദ് പലതവണ അധ്യാപികയെ കാണാനായി സ്കൂളിലെത്തിയിരുന്നുവെന്ന് സഹപ്രവർത്തകർ പൊലീസിന് മൊഴി നൽകിയതായും വിവരമുണ്ട്. പത്തുവർഷം മുമ്പ് മാരകമായ രോഗത്തെത്തുടർന്ന് ഭർത്താവിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന അനുമോളുടെ തിരോധാനം വലിയ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here