29.9 C
Kollam
Wednesday 9th September, 2026 | 10:36:36 AM
Home News Breaking News ഇനി മുതല്‍ ബസ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി

ഇനി മുതല്‍ ബസ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി

കൊച്ചി. സ്വകാര്യ ബസ് ജീവനക്കാരുടെ സുരക്ഷയും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കര്‍ശന നടപടികളിലേക്ക്. ബസ് ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും ഉള്‍പ്പെടെ എല്ലാ ബസ് ജീവനക്കാര്‍ക്കും പശ്ചാത്തല പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാട്ടത്തിന് എടുത്ത ബസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ഇനി മുതല്‍ ബസ് ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

നാല് ദിവസത്തിനകം കൊച്ചിയില്‍ പ്രത്യേക പരിശോധനാ പരിപാടിയായ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിക്കും. ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന ശില്‍പ്പശാലകളും സംഘടിപ്പിക്കും. ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ടെര്‍മിനലുകളില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തും. യാത്രക്കാരോടുള്ള പെരുമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

സമയക്രമം പാലിക്കാനെന്ന പേരില്‍ ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് അനുവദിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here