Home News Breaking News ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ

ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ

പത്തനംതിട്ട.ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. രണ്ടാംഘട്ട സർവേക്കായി സർക്കാർ അംഗീകൃത കമ്പനിയെ കൊണ്ടുവരുമെന്ന് ഭൂ ഉടമ എബ്രഹാം കലമണ്ണിൽ പറഞ്ഞു.
യുഡിഎഫ് സർക്കാരിന് പദ്ധതിയുമായി 101% യോജിപ്പ് ആണെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ഭൂ ഉടമയായ മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലാണ് സ്വകാര്യ ഏജൻസിയെ മുഖന്തരം ഡ്രോൺ സർവ്വേ നടത്തിയത്. നിലവിലുള്ള 400 ഏക്കറിന് പുറമേ ആയിരം ഏക്കർ ഭൂമി കൂടി ആറന്മുള വിമാനത്താവള പദ്ധതിക്കായി കണ്ടെത്തണം. യുഡിഎഫ് സർക്കാരിന്റെ പൂർണ്ണപിന്തുണ പദ്ധതിക്കായി ഉണ്ടെന്നാണ് എബ്രഹാം കലമണ്ണിൽ പറയുന്നത്.

ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാകേണ്ടതെന്നാണ് എബ്രഹാം കലമണ്ണിൽ പറയുന്നത്. ഇതിനു വേണ്ടിയാണ് ഡ്രോൺ സർവ്വേ നടത്തിയതെന്ന് എബ്രഹാം കലമണ്ണിൽ പറഞ്ഞു. പദ്ധതിയിൽ ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് തന്നെ വി ഡി സതീശൻ സർക്കാരും തുടരുമെന്നും എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി.

2004-ലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച് പദ്ധതിക്ക് തത്വത്തിൽ അനുമതി നേടിയിരുന്നു. ഇതോടെയാണ് ആറന്മുളയിൽ സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. 2014 മെയിൽ ഹരിത ട്രിബ്യൂണൽ പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. നിലവിൽ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട കേസുകളും ഹൈക്കോടതിയിൽ നടക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോയാൽ വലിയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here