Home News Breaking News മുക്കത്തെ ചിക്കൻ കടയിലെ മോഷണത്തിൽ ട്വിസ്റ്റ്, ഗിരീഷിന്റെ ലക്ഷ്യം മോഷണം മാത്രമല്ല; കൊലപാതകവും

മുക്കത്തെ ചിക്കൻ കടയിലെ മോഷണത്തിൽ ട്വിസ്റ്റ്, ഗിരീഷിന്റെ ലക്ഷ്യം മോഷണം മാത്രമല്ല; കൊലപാതകവും

കോഴിക്കോട്. മുക്കത്തെ ചിക്കൻ കടയിലെ മോഷണത്തിൽ ട്വിസ്റ്റ്. പ്രതി നെയ്യാറ്റിൻകര സ്വദേശി ഗിരീഷിന്റെ ലക്ഷ്യം മോഷണം മാത്രമല്ല; കൊലപാതകവുമായിരുന്നു. ജോലിക്ക് ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി യാമിനെ മുറിക്കുള്ളിലാക്കി വാതിൽ പൂട്ടി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് പ്രതി സ്ഥലം വിട്ടത്. യാമിൻ രക്ഷപ്പെട്ടത് തലനാരിഴക്ക്…

കൂത്താട്ടുകുളത്ത് മറ്റൊരു കടയിൽ ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് സ്ഥലത്തെത്തുന്നതും ഗിരീഷിനെ പിടികൂടുന്നതും. ഇതോടെയാണ് വെറുമൊരു ചിക്കൻ കടയിലെ കളവിനപ്പുറത്തേക്കുള്ള കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് മുക്കത്തെ ഫെയ്മസ് എന്ന് പേരുള്ള ചിക്കൻ കടയിലെ ജോലിക്കാരനായിരുന്ന ഗിരീഷ് ഒപ്പമുണ്ടായിരുന്ന പശ്ചിമബംഗാൾ സ്വദേശി യാമിനെ മർദിച്ച് മുറിയിൽ പൂട്ടിയിട്ടത്. പോകുന്ന വഴി വീട്ടിലെ ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടു.

നേരെ കടയിൽ പോയി അവിടെയുണ്ടായിരുന്ന 32000 രൂപയും പേഴ്സും ഫോണും കയ്യിലെടുത്ത് നാടുവിട്ടു. മുറിയിൽ അകപ്പെട്ട യാമിൻ ഉടനെ കടയുടമയെ വിളിച്ചുവരുത്തി. മുറി തുറന്ന് ഇയാളെ പുറത്തിറക്കിയതോടെയാണ് വലിയ അപകടം ഒഴിവായത്. പിന്നീട് ഇരുവരും കടയിലെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണവിവരവും അറിയുന്നത്. കടയുടമ ആബിദ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.