കൊച്ചി. എറണാകുളം മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രം ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി രാത്രി പോകുമ്പോഴായിരുന്നു യുവാക്കളുടെ സംഘം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. രാത്രി 11.15 ഓടെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ യുവതിയെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചുപേരാണ് പിന്തുടര്‍ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
കേസില്‍ ഈസ്റ്റ് മാറാടി കരയില്‍ പള്ളിക്കവല സ്വദേശി അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടില്‍ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടില്‍ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്‍ജുന്‍ സനില്‍ (20), മങ്ങമ്പ്ര തെങ്ങനാല്‍ വീട്ടില്‍ അശ്വിന്‍ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 19 – 21 പ്രായപരിധിയിലുള്ള അഞ്ചു പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
പാലാ സ്വദേശിനിയായ യുവതി ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തുവരികയാണ്. നാട്ടിലേക്കുള്ള ബസ് പിടിക്കാന്‍ സ്റ്റാന്‍ഡിലേക്കു വേഗം നടക്കുന്നതിനിടെ യുക്കളുടെ സംഘം യുവതിയുടെ സമീപം ബൈക്കിലെത്തി, കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഭയന്ന് തിരിഞ്ഞോടിയ യുവതിയെ കണ്ട് അതുവഴി വന്ന ബൈക്കുകാരന്‍ ബൈക്ക് നിര്‍ത്തി. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബൈക്ക് നിന്നുപോയി. എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് ഒരു ട്രക്ക് അതുവഴി വരുന്നത്.
റോഡിന് നടുവില്‍ കയറി യുവതി ട്രക്ക് നിര്‍ത്തിച്ചു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും അവസ്ഥ പറഞ്ഞു. ബൈക്കിലെ അക്രമികളെ കണ്ട ഡ്രൈവര്‍ ഇരുവരേയും വാഹനത്തില്‍ കയറ്റി കുതിച്ചു പാഞ്ഞു. പിന്നാലെ സിനിമയെ വെല്ലുന്ന തരത്തില്‍ ആക്രോശവുമായി മാരകായുധങ്ങളുമായി യുവാക്കളുടെ സംഘം ട്രക്കിനെ പിന്തുടര്‍ന്നു. ട്രക്കില്‍ ആയുധങ്ങള്‍ കൊണ്ടടിച്ച് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 15 കിലോമീറ്ററോളമാണ് യുവാക്കള്‍ ട്രക്കിനെ പിന്തുടര്‍ന്നത്. ട്രിക്കിന് പിന്നില്‍ കാറിലെത്തിയവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
വാഹനത്തില്‍ വെച്ച് യുവതി പൊലീസിന്റെ നമ്പര്‍ തപ്പിയെടുത്ത് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിനിടെ രാമമംഗലം മേഖലയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന പൊലീസിന് മുന്നിലേക്ക് ട്രക്ക് എത്തി. ട്രക്ക് നിര്‍ത്തിയപ്പോള്‍, മുന്നില്‍ പൊലീസിനെ കണ്ട് പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയില്‍നിന്ന് വിവരങ്ങള്‍ മനസ്സിലാക്കിയ പിറവം പൊലീസ് മൂവാറ്റുപുഴ പൊലീസിന് വിവരം കൈമാറി.
പിന്നാലെ കാറില്‍ വന്നവരും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് ഒരു ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് വെളുപ്പിന് അക്രമിസംഘത്തിലുള്‍പ്പെട്ട അഞ്ചുയുവാക്കളെയും വീട്ടില്‍ നിന്നും പിടികൂടി. വധശ്രമം, ഭീഷണിപ്പെടുത്തല്‍ പിന്തുടര്‍ന്ന് ആക്രമിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തു
































