27.4 C
Kollam
Wednesday 9th September, 2026 | 12:09:04 AM
Home News Kerala പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന്

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന്

തിരുവനന്തപുരം: രാജ്യത്തെ പോളിയോ വിമുക്തമാക്കാന്‍ ലക്ഷ്യമിടുന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന് നടക്കും. അഞ്ചുവയസ്സില്‍ താഴെയുള്ള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, നഗരാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ മരുന്ന് വിതരണ ബൂത്തുകള്‍ ക്രമീകരിക്കും.
യാത്രയ്ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്തുകളും, 283 മൊബൈല്‍ ബൂത്തുകളും, ഒമ്പത് ഉത്സവം/മേളകളിലെ ബൂത്തുകളും എന്നിവയുമുണ്ടാകും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍. ആകെ 22,288 ബൂത്തുകളാണ് മരുന്ന് വിതരണത്തിനുണ്ടാവുക. 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും.