കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കോഴിക്കോട് വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിക്കുകയായിരുന്നു.
തീപിടിത്തത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നതാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ച സൂചന. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും അന്വേഷണസംഘം അറിയിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നിലിരുത്തിയതും സംശയം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിന്‍ ലാലിനെതിരെ സംശയമുണ്ടെന്നും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.
സോനയും രജിന്‍ ലാലും പ്രണയവിവാഹം ചെയ്തവരാണെന്നും സത്യന്‍ പറഞ്ഞു. രജിന്‍ വിദേശത്തായിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും പിന്നീട് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് രജിന്‍ സോനയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് 2023-ലാണ് ഇരുവരും വിവാഹിതരായത്.
സോനയുടെ ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കക്കറമുക്ക് റോഡിലെ എടോളിത്താഴെ രാത്രി 9.15ഓടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തിയതായി പറയുന്നു. കാര്‍ ഓടിച്ചിരുന്നത് സോനയുടെ ഭര്‍ത്താവ് രജിന്‍ ലാലായിരുന്നു. സോന പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ തീ പടരുകയും രജിന്‍ ലാല്‍ രക്ഷപ്പെടാന്‍ സമീപത്തെ തോട്ടിലേക്ക് ചാടുകയുമായിരുന്നു.
നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടര്‍ന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അതിനുമുമ്പേ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






























