കൊച്ചി. യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച് കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പച്ചാളം സ്വദേശി അൽ ജൂഡാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം മൃതദേഹത്തിന് സമീപം കാവലിരുന്ന പ്രതിയെ സിനോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പച്ചാളം ശാരദ നിവാസിൽ ടെറസിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താഴെ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോരവാർന്ന നിലയിലുള്ള മൃതദേഹത്തിന് സമീപം വീട്ടുടമ സിനോഷും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടത് ജൂഡൻ എന്ന് വിളിക്കുന്ന അൽ ജൂഡാണെന്നും കൊലപ്പെടുത്തിയത് താനാണെന്നും സിനോഷ് പൊലീസിനെ അറിയിച്ചു.
കൊലപ്പെടുത്താൻ ഉപയോഗിച്ച ഫ്രയിങ് പാൻ ടെറസിൽ നിന്ന് കണ്ടെത്തി. സിനോഷിന്റെ വീടിന്റെ ടെറസ് മദ്യപാനികളുടെ സ്ഥിരം സങ്കേതമാണ്. ഇന്നലെ രാത്രിയും പതിവുപോലെ സംഘം ഒത്തുകൂടി. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സിനോഷിനെ കൂടാതെ രാത്രി വീട്ടിലെത്തിയവരെ പൊലീസ് കസ്റ്റിയിലെടുത്ത്. തർക്കത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കും പരിശോധിക്കുന്നുണ്ട്. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൊച്ചി നോർത്ത് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



































