ഉയർന്ന താപനില ശരാശരി വർദ്ധിക്കുന്നു

സംസ്ഥാനത്തെ ഉയർന്ന താപനില ശരാശരി വർദ്ധിക്കുന്നു. രണ്ടു ദിവസമായി ഉയർന്ന താപനില ശരാശരി 37.5°c ന് മുകളിൽ.
ഈ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരിയാണ് ഇത്. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ പത്തു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.കൊല്ലം തൃശ്ശൂർ പാലക്കാട് പത്തനംതിട്ട കോട്ടയം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മധ്യ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് പത്തനംതിട്ട, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടത്തരം വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

Advertisement