ഉഷ്ണ തരംഗം, ഇത് ശ്രദ്ധിക്കാതെ പോകല്ലേ

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണ്.

Advertisement