അസാധാരണമായ ചൂട് തുടരുന്നു

Advertisement

സംസ്ഥാനത്ത് അസാധാരണമായ ചൂട് തുടരുന്നു. തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇതടക്കം 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമടക്കം വേനൽ മഴയും ശക്തമാകും.ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതിശക്തമായ ചൂട് രേഖപ്പെടുത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്നും നാളെയും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകിയത്. മൂന്ന് ജില്ലകളിലും രാത്രികാല താപനില മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത 3 ദിവസം കൂടി തുടരും.
ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില സാധാരണക്കാർ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ തുടരണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണം.ധാരാളമായി വെള്ളം കുടിക്കുക, തുടങ്ങി ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ള ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.പാലക്കാട് താപനില ഉയർന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement