പുരപ്പുറ സോളാറിന് വിലയിടിക്കുന്നു

കൊച്ചി: വീട്ടിലെ പുരപ്പുറത്തുനിന്നു ഉത്പാദിപ്പിക്കുന്ന സൗരോര്‍ജത്തിന് ഇതുവരെ കിട്ടിയ ‘വില’ ഇനി ലഭിക്കില്ല. പുരപ്പുറ സോളാര്‍ ഉള്‍പ്പെടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കുന്ന സൗരോര്‍ജവൈദ്യുതിക്ക് ‘വിലയിടിക്കുന്ന’ ശുപാര്‍ശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍.

വീടുകളില്‍ ഉത്പാദിപ്പിച്ച് ഉപഭോഗശേഷംവരുന്ന സൗരോര്‍ജം കെ.എസ്.ഇ.ബി.യുടെ ഗ്രിഡുകളിലേക്ക് നല്‍കുമ്‌ബോള്‍ സോളാര്‍ വൈദ്യുതിനിരക്കായിരിക്കും ഇനി ലഭിക്കുക. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ കെ.എസ്.ഇ.ബി.യില്‍നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്‌ബോള്‍ കെ.എസ്.ഇ.ബി. താരിഫും നല്‍കേണ്ടിവരും. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നീക്കം.

നിലവില്‍ ഒരു വീട്ടിലെ/സ്ഥാപനത്തിലെ ആകെ വൈദ്യുതി ഉപഭോഗത്തില്‍നിന്നും സൗരോര്‍ജ ഉത്പാദനം എത്ര യൂണിറ്റ് ആണോ അത് കുറവുചെയ്തു കിട്ടുന്ന യൂണിറ്റിന് മാത്രം കെ.എസ്.ഇ.ബി. താരിഫ് നല്‍കിയാല്‍ മതിയായിരുന്നു.

ഉദാഹരണത്തിന് ആകെ 500 യൂണിറ്റ് ഉപഭോഗംവരുന്ന ഒരാള്‍, സോളാറില്‍നിന്ന് 300 യൂണിറ്റ് ഉത്പാദിപ്പിച്ചാല്‍ 500-ല്‍നിന്ന് 300 യൂണിറ്റ് കിഴിവുചെയ്ത് 200 യൂണിറ്റിന് മാത്രം കെ.എസ്.ഇ.ബി. താരിഫ് നല്‍കിയാല്‍ മതിയായിരുന്നു. പുതിയ ശുപാര്‍ശയനുസരിച്ച് 500 യൂണിറ്റിനുള്ള കെ.എസ്.ഇ.ബി. താരിഫ് പ്രകാരം, യൂണിറ്റിന് അഞ്ചുരൂപ എന്നനിലയില്‍ 2500 രൂപ ഉപഭോഗത്തിനാകും.

സൗരോര്‍ജ ഉത്പാദനത്തിന് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപയായിരിക്കും കണക്കാക്കുക. ഇതുപ്രകാരം 300 യൂണിറ്റിന് 807 രൂപലഭിക്കും. 2500-ല്‍നിന്ന് 807 രൂപ കുറവുചെയ്ത് 1693 രൂപ ഉപഭോക്താവ് അടയ്ക്കണം. ഇപ്പോഴുള്ള രീതിയാണെങ്കില്‍ 200 യൂണിറ്റിനുള്ള കെ.എസ്.ഇ.ബി. താരിഫ് നിരക്കുപ്രകാരം 950 രൂപ അടച്ചാല്‍ മതിയായിരുന്നു. കേന്ദ്ര പദ്ധതിയില്‍ മികച്ച സബ്‌സിഡികൂടി ലഭിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് പേര്‍ പുരപ്പുറ സോളാറിലേക്ക് തിരിയുന്നതിനിടയിലാണ് ഈ നടപടി.

Advertisement

1 COMMENT

Comments are closed.