പൗരത്വനിയമ ഭേദഗതി,വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സർക്കാർ

Advertisement

തിരുവനന്തപുരം. പൗരത്വനിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
നിലവില്‍ കോടതിയിലുള്ള ഹർജി പരിഗണിക്കണമോ,പുതിയ ഹർജി നല്‍കണമോ എന്ന കാര്യത്തില്‍ സർക്കാർ നിയമവശങ്ങള്‍ പരിശോധിച്ച് തുടങ്ങി.നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.അതേസമയം സുപ്രീം കോടതിയിൽ ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് മുസ്‌ലിം ലീഗും ഡി.വൈ.എഫ്.ഐയും അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

പൗരത്വ നിയമം പാർലമെന്‍റ് പാസാക്കിയതിന് പിന്നാലെ ആദ്യ പിണറായി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരുന്നത്.തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുഛേദം 14ന്റെ നഗ്നമായ ലംഘനമാണ് പൗരത്വ നിയമമെന്നായിരിന്നു സർക്കാരിന്‍റെ പ്രധാന വാദം.ഈ ഹർജി വീണ്ടും മെന്‍ഷന്‍ ചെയ്യണമോ അതോ പുതിയ ഹർജി നല്‍കണമോ എന്ന കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണ് സർക്കാർ.ഇതിന്‍റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ തന്നെ കോടതിയെ സമീപിക്കും.പൗരത്വ ഭേദഗതി നിയമവിഷയത്തിൽ കോൺഗ്രസിന് ആത്മാർത്ഥത ഇല്ലെന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

ഭരണഘടനയോടുള്ള വെല്ലുവിളിയെ നിയമപരമായി നേരിടാനാണ് ഡിവൈഎഫ്ഐ തീരുമാനം. നിയമം സംസ്ഥാനങ്ങൾ നടപ്പാക്കില്ല എന്നത് ആശ്വാസകരമാണെന്നും യോജിച്ചുള്ള സമരം വേണമോ എന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും ആവശ്യപ്പെട്ടു.കേരളത്തിലും പൗരത്വ നിയമഭേദഗതി നിയമം നടപ്പാവുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു

കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ചു തിരുവനന്തപുരത്തു എല്‍ഡിഎഫ് ഏജീസ് ഓഫീസിലേക്ക് മാർച് നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.

Advertisement