ആദിവാസി കോളനിയിൽ നിന്നും കാണാതായ കുട്ടികള്‍ മരിച്ച സംഭവത്തിൽ ഉത്തരമില്ലാതെ അധികൃതർ


തൃശ്ശൂര്‍. വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നും കാണാതായ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണകാരണം കണ്ടെത്തുനതിനായി ആന്തരീക അവയവങ്ങള്‍ രാസ പരിശോധനക്കയച്ചു.  8 വയസ്സുള്ള അരുണ്‍ കുമാറിന്റെയും 15 വയസ്സുള്ള സജികുട്ടന്റെയും മൃതദേഹങ്ങളാണ് ഇന്നലെ കാടിനുള്ളിൽ നിന്നും കണ്ടെത്തിയത്.


ഇക്കഴിഞ്ഞ രണ്ടാം തീയതി മുതലാണ് സജികുട്ടനെയും അരുൺ കുമാറിനെയും കാണാതായത്. വ്യാഴാഴ്ചയോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ  കുട്ടികൾക്കായി വീട്ടുകാരും, പിന്നീട് നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം  ശാസ്താംപൂവം കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ തെരച്ചിൽ നടത്തിയത്. ഉച്ചയോടെ 8 വയസ്സുകാരന്‍ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഉൾവനത്തിൽ മരത്തിൽ നിന്ന് വീണ് മരിച്ചതിന് സമാനമായ രീതിയിലായിരുന്നു മൃതദേഹം. അരുണ്‍കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്നും 200 മീറ്ററോളം മാറിയാണ് സജികുട്ടന്‍റെ മൃതദേഹം കണ്ടെത്തിയത്. അരുൺ കുമാറിന്റെ മൃതദ്ദേഹം കൂടുതൽ പഴകിയ നിലയിലാണ്. 15 പേരടങ്ങുന്ന 7 സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽകോളേജിൽ നടന്ന പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .അതേസമയം ഇരുവരുടേയും ആന്തരീക അവയവങ്ങള്‍ രാസപരിശോധനക്ക് ആയച്ചിട്ടുണ്ട്. ഇതിന്‍റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ.

Advertisement