അദ്ദേഹം ഗ്രാമത്തിലെ പണ്ഡിതൻ; പ്രതിയെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്

ഭോപ്പാൽ; തന്റെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയെ വെറുതെവിടണമെന്ന് മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇരയായ ആദിവാസി യുവാവ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രവേശ് ശുക്ലയ്ക്ക് തെറ്റു മനസ്സിലായെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ഇരയായ ആദിവാസി യുവാവ് ദശ്വന്ത് റാവത്ത് പറഞ്ഞു. പ്രവേശ് ശുക്ല യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്ന വിഡിയോ ചൊവ്വാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് പൊലീസ് പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്തിരുന്നു. ശുക്ലയ്ക്ക് ബിജെപി നേതൃത്വവുമായി അടുപ്പമുണ്ടെന്ന വാർത്ത വിവാദമായിരുന്നു.

‘‘നടന്നതു നടന്നു. അദ്ദേഹത്തിനു തന്റെ തെറ്റ് മനസ്സിലായി. ഇനി പ്രവേശ് ശുക്ലയെ മോചിപ്പിക്കണം. വലിയ തെറ്റു തന്നെയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് സംഭവിച്ചിരിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ നാട്ടിലെ പണ്ഡിതനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മോചിപ്പിക്കണമെന്നാണ് ഞങ്ങൾക്കു സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്.’’– റാവത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഗ്രാമത്തിൽ റോഡു പണിയണമെന്നല്ലാതെ സർക്കാരിനോട് മറ്റൊന്നും ആവശ്യപ്പെടാനില്ലെന്നും റാവത്ത് വ്യക്തമാക്കി.

ആദിവാസി യുവാവിന്റെ ദേഹത്തിൽ മൂത്രമൊഴിച്ച സംഭവം വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കു വഴിതുറന്നു. പ്രതി ബിജെപി പ്രാദേശിക നേതാവാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദശ്വന്തിന്റെ കാൽ കഴുകി മാപ്പു പറഞ്ഞിരുന്നു. അതേസമയം, ചൗഹാന്റെത് നാടകമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ദശ്വന്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ വീടു നിർമിക്കുന്നതിനായി 1.5 ലക്ഷം രൂപ അധികമായി അനുവദിക്കുകയും ചെയ്തു.

അതേസമയം പ്രതി പ്രവേശ് ശുക്ലയുടെ വീടിന്റെ ഒരുഭാഗം പൊളിക്കുന്ന നടപടിയെ ബ്രാഹ്മണ സഭ എതിർത്തു. നിർമാണത്തിലെ ചട്ടലംഘനം ആരോപിച്ചായിരുന്നു അധികൃതരുടെ നടപടി. ശുക്ലയുടെ പ്രവൃത്തി പരിതാപകരമാണെന്നും പക്ഷേ, അതിന്റെ പേരിൽ അദ്ദേഹത്തിന്റ കുടുംബത്തെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ബ്രാഹ്മണ സഭ വ്യക്തമാക്കി.

Advertisement