ശമ്പളം ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരും

തിരുവനന്തപുരം . സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിലുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ല.ശമ്പളം ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരും.
സാങ്കേതിക പ്രശ്നങ്ങളാണ് തടസം എന്നും വിഷയം ഉടൻ പരിഹരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപെട്ടു.ശമ്പളം മുടങ്ങിയതിൽ സർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധി അല്ലാതെ മറ്റൊരു സാങ്കേതിക തടസവുമില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് എം. എസ്. ഇർഷാദ് പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്.
ഒന്നാം തീയതി വേതനം കിട്ടേണ്ട ഒന്നരലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്.
സെക്രട്ടറിയേറ്റ്, , റവന്യൂ, ജലസേചന വകുപ്പ്, ട്രഷറി, നികുതി വകുപ്പുകളിലെ ജീവനക്കാർ ഇവരിൽ ഉൾപ്പെടുന്നു. ട്രഷറി
അക്കൗണ്ടിൽ ശമ്പളം എത്തിയെന്ന് കാണിച്ചെങ്കിലും തുക ബാങ്കിലേക്കു കൈമാറാനോ പിൻവലിക്കാനോ കഴിയാത്തതാണ് പ്രതിസന്ധി. ഇലക്ട്രോണിക് ട്രഷറി സേവിങ്സ് ബാങ്ക്
അക്കൗണ്ടിൽ പണമിട്ടത് സർക്കാർ രേഖകളിൽ മാത്രം. ഇ ടി എസ് ബി അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് പണം പിൻവലിക്കാൻ കഴിയാത്തതെന്ന് ജീവനക്കാർ പറഞ്ഞു.ലോണുകളും ഇഎംഐയും അടക്കമുള്ള തിരിച്ചടവുകൾ മുടങ്ങിയെന്ന് ശമ്പളം മുടങ്ങിയ ജീവനക്കാർ പരാതിപ്പെടുന്നു.
അതേസമയം ട്രഷറി വഴി നേരിട്ട് ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് മുടക്കമില്ലാതെ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.സർക്കാരിന്റേത് തെറ്റായ ധനകാര്യ മാനേജ്മെന്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.സാങ്കേതിക പ്രശ്നം എന്ന സർക്കാർ വാദം തള്ളി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി.

പ്രശ്നം പരിഹരിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമം സർക്കാർ ആരംഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ
തിങ്കളാഴ്ചയോടെയെ ശമ്പളം വിതരണം ചെയ്യാനാകൂ. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധ മാർച്ച് നടത്തി.
ട്രഷറി സ്തംഭിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സംസ്ഥാന സർക്കാർ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നുവെന്ന് ഭരണാനുകൂല സർവീസ സംഘടന നേതാക്കൾ ന്യായീകരിച്ചു. അവർ കേന്ദ്രസർക്കാരിനെതിരെ എജിസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Advertisement