തണ്ണീര്‍ കൊമ്പന്‍ നാടിനിനി കണ്ണീരോര്‍മ്മ

മാനന്തവാടി. ഒരു പകല്‍മുഴുവന്‍ നാടിനെ ആശങ്കയിലാക്കിയെങ്കിലും ആക്രമം കാട്ടാതെ നാടിനോട് യാത്ര പറഞ്ഞ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത് വിവാദമാകും. വേണ്ടത്ര പഠനങ്ങളില്ലാതെയാണോ വന്യജീവിയെ കൈകാര്യം ചെയ്തതെന്ന ചോദ്യം ഉയരുന്നുണ്ട്. ജനവാസമേഖലയില്‍ ഇറങ്ങിയിട്ടും ഒരക്രമവും കാട്ടിയതായി റിക്കാര്‍ഡില്ലാത്ത ആനയെ കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ച ഏതു സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും ഭാഗത്താണെന്ന് ഇനി കണ്ടെത്തേണ്ടിവരും.

കര്‍ണാടക വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള ആനയെ ഇന്നലെ ബന്ദിപ്പൂരില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ 2.30 യോടെ ചെരിഞ്ഞതായിട്ടാണ് വിവരം. ആനയെ മയക്കുവെടി വെച്ചശേഷം ഇന്നലെ രാത്രി 10.30 യോടെ കര്‍ണാടകാ വനംവകുപ്പിന് കൈമാറിയിരുന്നു. ഇന്നലെ മാനന്തവാടി ജനവാസമേഖലയില്‍ ഇറങ്ങിയ ആന മാനന്തവാടി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു.

റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകയില്‍ നിന്നുമാണ് വന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടക വനംവകുപ്പ് ആന ചെരിഞ്ഞ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകാ വനം വകുപ്പിന് കൈമാറിയ ശേഷമാണ് ചരിഞ്ഞത്. ഇന്ന് പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം പൂര്‍ണ്ണമായും വ്യക്തമാകു. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാന്‍ വെറ്റിനറി സര്‍ജന്മാരുടെ സംഘം ബന്ദിപ്പൂരിലെ ആന ക്യാമ്ബിലേക്ക് പോയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.30 യോടെയായിരുന്നു മയക്കുവെടി വെച്ചത്. തുടര്‍ന്ന് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് രാത്രിയോടെയാണ് ആനയെ വാഹനത്തില്‍ കയറ്റിയത്. ഈ സമയത്തൊന്നും ആനയ്ക്ക് കാര്യമായ ശാരീരിക പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

അതേസമയം ആനയുടെ കാലിന്റെ ഇടതുഭാഗത്ത് വീക്കമുണ്ട്. അത് പരിക്കാണോ എന്ന സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 20 ദിവസത്തിനിടയില്‍ രണ്ടു തവണയാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കാമെന്നും സംശയമുണ്ട്. ഇന്നലെ രാവിലെയാണ് ആനയെ മാനന്തവാടിയില്‍ നഗരത്തില്‍ ഇറങ്ങിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പക്ഷേ ആളുകളെ ആക്രമിക്കുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്തിരുന്നില്ല. വാഴത്തോട്ടത്തിലും മറ്റും ഇറങ്ങിയ ആന ഇവിടെ നാശം വരുത്തുകയോ വാഴയും മറ്റും പിഴുതുകളയുകയോ ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല.

ഇതെല്ലാം ആനയുടെ അവശതയായിരുന്നു എന്ന തരത്തിലുള്ള സൂചനയും വരുന്നുണ്ട്. മാനന്തവാടിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് വനം എന്നതിനാല്‍ ഇത്രയും ദൂരം ആന സഞ്ചരിക്കാനിടയായ സാഹചര്യവും പഠിക്കുമെന്നാണ് സൂചനകള്‍.

ആരുടെ വീഴ്ചയിലാണ് വന്യജീവി കൊല്ലപ്പെട്ടതെന്ന് മാത്രമാണിനി കണ്ടെത്തേണ്ടത്.ആക്രമിക്കാനെത്തിയ പുലിയെ അടിച്ചുകൊന്നാല്‍പോലും കേസാക്കുന്ന അധികൃതരുടെ വലിയ വീഴ്ചകള്‍പോലും മറച്ചുവച്ചാണ് അന്വേഷണങ്ങള്‍ അവസാനിക്കാറ്.

Advertisement