വയനാട്ടില്‍ ഭീതിപരത്തി മുട്ടിക്കൊമ്പന്‍

Advertisement

വയനാട്. രണ്ട് തവണ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയ കൊമ്പന്‍ ഭീതിപരത്തി ജനവാസമേഖലയില്‍. നൂല്‍പ്പുഴ വടക്കനാട് കല്ലൂര്‍ക്കുന്നില്‍ മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയാണ് വീണ്ടും ഭീതിപരത്തുന്നത്. കഴിഞ്ഞ ദിവസം കല്ലൂര്‍ ഗംഗാധരന്‍റെ വീടിന് നേരെയാണ് മുട്ടിക്കൊമ്പന്‍റെ ആക്രമണം.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ വീടിന് പുറത്ത് നിന്ന് ശബ്ദം കേട്ടാണ് ഗംഗാധരനും കുടുംബവും ജനലിലൂടെ പുറത്തേക്ക് നോക്കിയത്. കണ്ടത് വീടിന് നേരെ പാഞ്ഞെടുക്കുന്ന മുട്ടിക്കൊമ്പനെ. പേടിച്ചരണ്ട് പിറകോട്ടുമാറുകയായിരുന്നു ഗംഗാധരനും വീട്ടുകാരും. കാട്ടാന വാതിലില്‍ തുമ്പിക്കൈക്കൊണ്ട് മുട്ടി. വരാന്തയില്‍ കാലിട്ട് തട്ടി. സമീപവാസികളെ ഫോണ്‍വിളിച്ച് വരുത്തി. ഒച്ചയിട്ടതോടെ ആന ഇരുളിലേക്ക് മറഞ്ഞു. പോകുന്നവഴിയിലെല്ലാം കൃഷിനാശമുണ്ടാക്കിയാണ് മുട്ടിക്കൊമ്പന്‍പിന്‍വാങ്ങിയത്.

രണ്ട് വർഷമായി പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനയെ ഒരു മാസം മുമ്പ് വനംവകുപ്പ് രണ്ട് തവണയായി കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം തന്നെ തിരികെയെത്തി പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

representational picture

Advertisement