അമ്പലമേട് സ്റ്റേഷനിലെ ആക്ഷന്‍ ഹീറോ ബിജു ഇംപാക്ട്, ആ ഇടി കൊണ്ടതിലല്ല, അതാര് ചോര്‍ത്തി അതറിയണം

കൊച്ചി. അമ്പലമേട് പോലീസ് സ്റ്റേഷനിൽ പ്രതിയെ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. സ്റ്റേഷനിൽ മുൻപുണ്ടായിരുന്ന സി ഐ അടക്കമുള്ള ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ ചോർത്തി നൽകിയത് എന്നാണ് പ്രാഥമിക നിഗമനം. എഡിജിപിയുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്ന പരാതി അന്വേഷിക്കുന്നത്.

അമ്പലമേട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിലെ ചേരി പോര് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നത്. സ്റ്റേഷൻ ചുമതല ഉണ്ടായിരുന്ന മുൻ സിഐ അടക്കമുള്ളവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ചോർന്ന സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട് എന്നും, ഒരു വർഷം മുമ്പുള്ള സംഭവത്തിൽ ഇപ്പോൾ പരാതി വന്നതിൽ ദുരൂഹത ഉണ്ട് എന്നും ആരോപണ വിധേയനായ എസ് ഐ റെജിയും വ്യക്തമാക്കി

മണൽ കടത്തു കാരുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അമ്പലമേട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ആരോപണ വിധേയനായ എസ് ഐ റെജിയാണ് വിജിലൻസിന് വിവരം കൈമാറിയത് എന്ന വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ചോർത്തി നൽകിയത് എന്നാണ് കണ്ടെത്തൽ . സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയും വകുപ്പുതല നടപടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Advertisement