സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട്: എംടിക്കു പിന്നാലെ വിമർശനവുമായി എം. മുകുന്ദനും

കോഴിക്കോട്: സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവരാണെന്ന രൂക്ഷ വിമർശനവുമായി സാഹിത്യകാരൻ എം. മുകുന്ദൻ. എം.ടി. വാസുദേവൻ നായർക്കു പിന്നാലെ യാണ് എം.മുകുന്ദനും പരസ്യമായി രാഷ്ട്രീയ വിമർശനം നടത്തുന്നത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് മുകുന്ദന്‍റെ പരാമർശം. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു.

സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്. തെരഞ്ഞെടുപ്പ് ഇനിയും വരും. ചോരയുടെ മൂല്യം ഓർക്കണം. അതു ഓർത്തു കൊണ്ടായിരിക്കണം വോട്ടു ചെയ്യേണ്ടതെന്നും മുകുന്ദൻ പറഞ്ഞു.

അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദയിലായിരുന്നു എം.ടിയുടെ വിമര്‍ശനം

Advertisement