കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം,കൺവീനർ ഡോ.പി. സരിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം, പരാതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം. സാമ്പത്തിക ക്രമക്കേട് അടക്കം ഉന്നയിച്ച് കൺവീനർ ഡോ.പി. സരിനെതിരെ ഒരു വിഭാഗം അംഗങ്ങൾ ഹൈക്കമാൻഡിന് പരാതി നൽകി. എന്നാൽ പ്രവർത്തിക്കാത്തവരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിന് വ്യാജപരാതി നൽകിയെന്നാണ് സരിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം

സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ റീച്ച് കൂട്ടാനും എതിരാളികളെ നേരിടാനും അടുത്തിടെ പുതുക്കിപ്പണിത കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലാണ് തമ്മിൽ തല്ലും പരാതിയും. കൺവീനർ ഡോ.പി. സരിനെതിരെ ആറു അംഗങ്ങൾ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സെല്ലിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ അടക്കം ഡിജിറ്റൽ സെല്ലിലെ ആറുപേരാണ് പരാതി നൽകിയത്. പലകാര്യങ്ങളിലും കൂട്ടായ ചർച്ച നടക്കുന്നില്ലെന്നും കൺവീനർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതായും പരാതിയിലുണ്ട്. പരാതിപ്പെട്ടതിൻറെ പേരിൽ സെല്ലിൻറെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയെന്നും ആറുപേർ കത്തിൽപറയുന്നു. 26 അംഗങ്ങളാണ് സെല്ലിലുള്ളത്.

അതേ സമയം പരാതിയെ കുറിച്ച് അറിയില്ലെന്ന് പി സരിൻ പറഞ്ഞു. സരിനെ അനുകൂലിക്കുന്നവർ പറയുന്നത് പരാതിയിൽ കഴമ്പില്ലെന്നാണ്. വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത അംഗങ്ങളെ അടുത്തിടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും മാറ്റിയിരുന്നുവെന്നും അത് കൊണ്ട് വ്യാജപരാതി നൽകിയെന്നമാണ് വിശദീകരണം. വീണ അടക്കമുള്ളവരെ മാറ്റി 20 പേരടങ്ങുന്ന പുതിയൊരു ഗ്രൂപ്പ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. സരിനെതിരെ പരാതിപ്പെട്ടവരെല്ലാം പ്രതിപക്ഷനേതാവിനെ അനുകൂലിക്കുന്നവരാണ്. എല്ലാം നിയമസഭാ മണ്ഡലങ്ങളിലും നിലവിൽ ഡിജിറ്റൽ സെൽ പ്രവിർത്തനം തുടങ്ങിയിട്ടുണ്ട്. പക്ഷെ സരിൻ കൂട്ടായ ചർച്ചകൾ നടത്തുന്നില്ലെന്ന പരാതി ചില പാർട്ടി നേതാക്കൾക്കമുണ്ട്. പരാതിഉയർന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉറപ്പാണ്.

Advertisement