മമ്മൂട്ടിക്കും മോഹന്‍ലാലിനും സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍… ഫാൻസി നമ്പർ ലേലത്തിലൂടെ ഈ വർഷം ലഭിച്ചത് 3.37 കോടി

എറണാകുളം ആര്‍.ടി ഓഫീസില്‍ ഈ വര്‍ഷം 4883 വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ ലേലം ചെയ്തതിലൂടെ ലഭിച്ചത് 3.37 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ ആകെ ലേലത്തുക 3986 വാഹനങ്ങള്‍ക്കായി 2.21 കോടിയായിരുന്നു. ഇത്തണ ഇക്കാര്യത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്.
മലയാളത്തിലെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ക്ക് ബുക്ക് ചെയ്യാറുള്ള നമ്പറുകള്‍ ഫാന്‍സി നമ്പര്‍ പട്ടികയിലേക്ക് കയറിയത് മൂലമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തുന്നത്. നടന്‍ മമ്മൂട്ടിയുടെ അത്യാഢംബര കാറുകളായ ബി എം ഡബ്ലിയു, മിനി കൂപ്പര്‍, ജാഗ്വാര്‍, ഔഡി, ലാന്‍ഡ് ക്രൂസര്‍ തുടങ്ങിയവക്കെല്ലാം നമ്പര്‍ 369 ആണ്. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ഉപയോഗിക്കുന്നത് ഇതേ കാറുകള്‍ തന്നെയാണ്.  മമ്മൂട്ടി 369 എന്ന നമ്പറിനായി ബുക്ക് ചെയ്യുമ്പോള്‍ ഫാന്‍സി നമ്പര്‍ പ്രേമികളും മമ്മൂട്ടി ആരാധകരും ഈ നമ്പര്‍ കിട്ടാനാഗ്രഹിക്കാറുണ്ട്. മോഹന്‍ലാലിന്റെ കാര്യത്തിലും ഇതു തന്നെ സ്ഥിതി.

സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല, മറ്റു സിനിമാ താരങ്ങളും കായികതാരങ്ങളുമുള്‍പ്പെട്ട സെലിബ്രിറ്റികള്‍, വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് അഭിമാനപ്രശ്നമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കെ എല്‍ 7 സി എം ഒന്നിനെ വാശിയേറിയ ലേലത്തിനൊടുവില്‍ നടന്‍ പൃഥ്വിരാജ് തന്റെ ലംബോര്‍ഗിനിക്ക് ചാര്‍ത്താനായി ഏഴു ലക്ഷം രൂപ മുടക്കിയാണ് സ്വന്തമാക്കിയത്.
ഒന്നാം നമ്പറിനാണ് വാഹനപ്രേമികള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടുതല്‍. 0001 ന്റെ അടിസ്ഥാന വില ഒരു ലക്ഷം രൂപയാണ്. ഈ നമ്പറിനായി ഒന്നിലധികം പേര്‍ വരുമ്പോഴാണ് ലേലത്തില്‍ വെക്കുന്നതും വാശിയേറിയ ലേലത്തിലൂടെ സര്‍ക്കാരിലേക്ക് ലക്ഷങ്ങള്‍ ഒഴുകുന്നതും. ഫീസില്‍ രണ്ടാം സ്ഥാനം 777, 999, 3333, 4444, 5000, 5555, 7777, 9999 എന്നീ നമ്പറുകള്‍ക്കാണ്. ഇവ ബുക്ക് ചെയ്യാന്‍ 50,000 രൂപ ഫീസ് അടക്കണം. 25,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുള്ള 22 നമ്പറുകളുണ്ട്. 5, 7, 9, 333, 786, 1000, 1111, 1818, 2727, 3000, 3636, 4545, 5005, 5050, 6666, 7000, 7007, 8181, 8888, 9000, 9009, 9090 എന്നിവയാണിത്. 2, 3, 11, 99, 100, 111 തുടങ്ങിയ 25 നമ്പറുകള്‍ക്ക് 10,000 രൂപ ഫീസ് അടച്ചാല്‍ മതി.  18 നമ്പറുകള്‍ക്ക് 5,000 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും നമ്പര്‍ റിസര്‍വ് ചെയ്യണമെങ്കില്‍ 3,000 രൂപയാണ് അടക്കേണ്ടത്.
ഫീസ് അടച്ചിട്ടും ഇഷ്ട നമ്പര്‍ കിട്ടാതെ വരുന്നവര്‍ക്ക്  ഫീസ് മടക്കി നല്‍കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പകുതിയോളം പേര്‍ ഇപ്പോഴും ഫീസ് തിരികെ വാങ്ങുന്നില്ല. പണം മടക്കി വാങ്ങാനുള്ളവരില്‍ കൂടുതല്‍ പേരും ചെറിയ തുക ഫീസ് അടച്ചവരാണ്. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ അവകാശികളെ കാത്തു ട്രഷറിയില്‍കിടപ്പുണ്ട്.

Advertisement