ഗവർണർക്ക് സുരക്ഷ കൂട്ടി; രാജ്ഭവൻ റിപ്പോർട്ട് റിപ്പോർട്ട് തേടും, പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

തിരുവനന്തപുരം : ഗവർണ്ണർക്ക് എതിരായ പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ സുരക്ഷ കൂട്ടി. രണ്ടംഗ കമാൻഡോ സംഘത്തെ അകമ്പടിക്കായി കൂടുതലായി ഉൾപ്പെടുത്തി.ഇന്നലെ ദില്ലിയിലേക്കുള്ള യാത്രാമധ്യേ 3 ഇടത്താണ് ഗവർണർക്കെതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി പാഞ്ഞടുത്ത എസ് എഫ്ഐ പ്രവർത്തകരെ കാറിൽനിന്നിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെല്ലുവിളിച്ചു. ‘ആരാണ് ഇവിടത്തെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ’ എന്നു ചോദിച്ച ഗവർണർ പ്രതിഷേധക്കാരെ ‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്’ എന്നു വിളിച്ചു. അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ച ഗവർണർ, പേടിച്ചോടുന്നയാളല്ല താനെന്നും പൊട്ടിത്തെറിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നും ആരോപിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരിൽ 12 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണു ചുമത്തിയിരിക്കുന്നത്. സംഘ പരിവാർ നയമാണ് ഗവർണ്ണറുടേതെന്ന് ആരോപിച്ച എസ്എഫ് ഐ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു.ഇപ്പോൾ ദില്ലിയിലുള്ള ഗവർണറെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സന്ദർശിക്കും.കേന്ദ്രവും രാജ്ഭവനും ഇന്നലെത്തെ പ്രതിഷേധത്തെ കുറിച്ചുള്ള റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്.

Advertisement